തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിക്കേസില്‍ സി.പി.എമ്മിന് തിരിച്ചടി. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടി. ഇ.ഡി കണ്ടുകെട്ടിയവയില്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതില്‍ 73,63000 രൂപ പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇ.ഡി ഹൈക്കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇ.ഡി പറഞ്ഞിരുന്നു. ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു വിശദീകരണം.
2012 മുതല്‍ 2019 വരെ ഒട്ടേറെ പേര്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേര്‍ക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വര്‍ധിച്ചുവെന്നും ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എം.എം. വര്‍ഗീസിന്റെ പേരിലുളള ഇരിങ്ങാലക്കുട പൊറത്തുശേരി സി.പി.എം കമ്മിറ്റി ഓഫീസിന്റെ സ്ഥലവും സി.പി.എമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. സി.പി.എമ്മിനെക്കൂടി പ്രതി ചേര്‍ത്താണ് ഇ.ഡി അന്വേഷണ സംഘം സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
കരുവന്നൂർ തട്ടിപ്പ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം ജില്ലാക്കമ്മിറ്റി പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.കെ.കെ.അനീഷ് കുമാർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പാർട്ടി നേതൃത്വം മുഴുവൻ പ്രതിക്കൂട്ടിലാകുന്നത്. ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകരെയാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചത്. കരുവന്നൂരിലെ തട്ടിപ്പ് പണം കൈപറ്റിയെന്ന് ED കണ്ടെത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം. സിപിഎമ്മും നേതാക്കളും തട്ടിച്ചുണ്ടാക്കിയ സ്വത്തുവകകൾ വിറ്റഴിച്ചായാലും കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നല്കണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു. കേസന്വേഷണം ബിജെപി-സിപിഎം ഒത്തുകളിയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വം വസ്തുതകൾ പുറത്തു വരുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അനീഷ് കുമാർ ചോദിച്ചു.