ശമ്പളം കൂട്ടുന്നതിന് വേണ്ടിയല്ല മറിച്ച് വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടിയാണ് തങ്ങളുടെ സമരമെന്ന്…… READ MORE
തൃശൂര്‍: പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ഡി.എം.ഒ. ഓഫീസ് അങ്കണത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ മിഡ്‌സോണ്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഗവ.ഡോക്ടര്‍മാര്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നിസ്സഹകരണ സമരം തുടരുകയാണ്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതോടെ തങ്ങളുടെ അടിസ്ഥാന ശമ്പളത്തില്‍ 8,500 രൂപ വരെ കുറവ് വന്നിരിക്കുകയാണെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. സമയബന്ധിതമായി ഹയര്‍ ഗ്രേഡിലെ അപാകതകള്‍ പരിഹരിക്കുക, സ്‌പെഷല്‍ പേ പൂര്‍ണമായും അനുവദിക്കുക, തടഞ്ഞുവെച്ചിരിക്കുന്ന അലവന്‍സുകള്‍ അനുവദിക്കുക, നിര്‍ത്തലാക്കിയ പേഴ്‌സണല്‍ പേ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിച്ചു.
ശമ്പളം കൂട്ടുന്നതിന് വേണ്ടിയല്ല മറിച്ച് വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടിയാണ് തങ്ങളുടെ സമരമെന്ന് ഡോ. മുഹമ്മദാലി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി കാലത്ത് തങ്ങളുടെ ജീവന്‍ പോലും പണയം വച്ച് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ തുടരുന്ന വാഗ്ദാനലംഘനം കടുത്ത അനീതിയാണെന്ന് ജില്ലാ പ്രസിഡണ്ട്് ഡോ. അസീന വി.ഐ പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണന ഇനിയും തുടരുന്നപക്ഷം, രോഗീപരിചരണത്തെ ബാധിക്കുന്ന രീതിയിലുള്ള പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുവാന്‍ സംഘടന നിര്‍ബന്ധിതമായി തീരുമെന്ന് സെക്രട്ടറി ഡോ.വേണുഗോപാല്‍ വി.പി മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ഡോ. ജോസ്മി ജോര്‍ജ് യോഗത്തില്‍നന്ദിപറഞ്ഞു. ട്രഷറര്‍ ഡോ. ജില്‍ഷോ ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ ഡോ. ബിനോജ് മാത്യൂ, ഡോ. ദിവ്യ സുരേശന്‍, ഡോ. നിതിന്‍.പി, മുതിര്‍ന്ന കെ.ജി.എം.ഒ.എ അംഗം ഡോ. ഭവന്‍ ശങ്കര്‍, ഡോ. സുബ്രഹ്‌മണ്യന്‍ എസ്.വി തുടങ്ങി നൂറോളം പേര്‍ ധര്‍ണയില്‍ പങ്കെടുത്തു.