Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍

ആധുനിക കാലത്തിന്റെ  എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ള ആഗോള പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്ന്  ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ പറഞ്ഞു

മണ്ണുത്തി: വിദേശങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാവുന്ന രീതിയില്‍ കേരളത്തിന്റെ  ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസരംഗം കേരളത്തിന്റെ  കരുത്തും അഭിമാനവുമാണ്. പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ കേരളം മുന്നോട്ടു പോയിട്ടുണ്ട.് എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെയും വിശാലതയോടെയും സമീപിക്കേണ്ട ആവശ്യമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ   കേന്ദ്രമാക്കി കേരളത്തെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മണ്ണുത്തി ചിറക്കക്കോടുള്ള  ദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരിന്റെ (ട്വിസ്റ്റ്) പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസമാണ് ടിസ്റ്റില്‍ നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്‌കൂള്‍ ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ പറഞ്ഞു. ആധുനിക കാലത്തിന്റെ  എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ള ആഗോള പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നൈറ്റ്‌സ്ബ്രിഡ്ജ് ഹൗസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സിംഗപ്പൂരുമായുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനന്‍, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ ചന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാവിത്രി രാമചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമണി കൈലാസ്, വാര്‍ഡ് മെമ്പര്‍ വിനീഷ് ഇ. വി ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ ശ്രീനാഥ്, നിയമോപദേശകന്‍ എ.വൈ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ കള്‍ച്ചറല്‍ സെക്രട്ടറി മിയ ഡേവിഡ്, അധ്യാപകരായ സന്ധ്യാ പിള്ള, സെറീന മുഹമ്മദ്, ഷാനവാസ് .ടി.എ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം സ്‌കൂളിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ (CAIE) അംഗീകാരമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ വിദ്യാഭ്യാസ -മാനേജ്മെന്റ് വിദഗ്ധര്‍ നടത്തുന്ന ടിസ്റ്റ് ആധുനിക ലോകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ശോഭിക്കാന്‍ ഉതകുന്ന തരത്തിലുള്ള സമഗ്രമായ പഠന പദ്ധതിയാണ് നടപ്പാക്കുന്നത്. ‘പഠിക്കുക,പ്രയോഗിക്കുക, നയിക്കുക’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ എല്ലാ വിഷയങ്ങളിലും സമഗ്രമായ പഠനത്തിനുള്ള അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കുട്ടിയിലുമുള്ള അതുല്യമായ കഴിവുകള്‍ പരിപോഷിപ്പിച്ച് സാധ്യതകളുടെ വലിയ ലോകം അവര്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കുകയാണ് ടിസ്റ്റിന്റെ ലക്ഷം. കുട്ടികളില്‍ താല്‍പര്യം ജനിപ്പിക്കുന്ന രസകരമായ പ്രവര്‍ത്തികളിലൂടെയുള്ള പഠനരീതിയും, വിവിധങ്ങളായ വിഷയങ്ങളില്‍ പല ഭാഷകളിലൂടെയുള്ള പഠനവും ടിസ്റ്റില്‍ അവലംബിക്കുന്നു.

ചിത്രം: മണ്ണുത്തി ചിറക്കക്കോടുള്ള ദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരിന്റെ (ട്വിസ്റ്റ്)ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ മന്ത്രി കെ രാജന് മെമെന്റോ നല്‍കുന്നു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമണി കൈലാസ്, നിയമോപദേശകന്‍ എ.വൈ. ഖാലിദ് എന്നിവർ സമീപം.

Leave a Comment

Your email address will not be published. Required fields are marked *