കൊച്ചി: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും, സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇരുവരോടും ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് അവധിയിലാണെന്ന് ഇവര്‍ ആലപ്പുഴ പൊലീസിനെ അറിയിച്ചു. ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് നിലപാട്.
ഗണ്‍മാന്‍ അനില്‍കുമാര്‍ ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി.കഴിഞ്ഞ ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, കെ.എസ.്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് നടപടി. അനില്‍കുമാറും, എസ്.സന്ദീപും, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ് .മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്റെ ന്യായം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ ആലപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്