Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗായിക ചിത്രയ്ക്ക് അറുപതാം പിറന്നാള്‍,പാടിയത് 25,000ത്തിലധികം ഗാനങ്ങള്‍

ഗാനകോകിലത്തിന് ഷഷ്ടിപൂര്‍ത്തിയുടെ പുണ്യം

കൊച്ചി: മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്തിയ സ്വരദേവതയായ ഗായിക ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഉറക്കുപാട്ടിലൂടെ, പ്രണയ, ഭക്തിഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളുടെ ഇഷ്ടഗായികയാണ് ചിത്ര.  അനന്തപുരിയിലാണ് ചിത്രയുടെ ജനനം.  
നാദോപാസനയുടെ ലോകത്ത് അരനൂറ്റാണ്ടായിട്ടും ചിത്രയുടെ പാട്ടുകള്‍ ഇന്നും മധുരതരം തന്നെ. ഇതിനകം ഇരുപത്തയ്യായിരത്തോളം  ഗാനങ്ങളാണ് ചിത്ര ആലപിച്ചത്.
ഇന്ന് കൊച്ചിയിലാണ് ചിത്ര. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗാണ് രാവിലെ 7 മുതല്‍. സുഹൃത്തുക്കളായ പാട്ടുകാരും സംഗീത സംവിധായകരും സസ്‌പെന്‍സ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകര്‍ ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെറുപാട്ടുകളും ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടും.

ചിത്രയ്ക്ക് പിറന്നാള്‍ ഇന്നാണെങ്കിലും ജന്മനക്ഷത്രമായ ചിത്തിര ഇന്നലെയായിരുന്നു. ഭര്‍ത്താവ് വിജയ് ശങ്കറിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ചു. ചിത്രയ്ക്ക്്് .കേള്‍ക്കാനേറെ ഇഷ്ടം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് മീരാഭജന്‍ ആണ്. ലതാ മങ്കേഷ്‌കറിന്റെ മീരാഭജനുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കും. അതുപോലെ എസ്. ജാനകിയുടേയും. ഗസലുകളും ഇഷ്ടമാണ്. .

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‌കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

ചിത്രയെന്ന പെണ്‍കുട്ടി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യമായി എത്തുന്നത് 1978 ലെ കലോത്സവ വേദിയില്‍ വച്ചാണ്. വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു ആ വിദ്യാര്‍ഥിനി. തിരുവനന്തപുരത്തെ സംഗീത കുടുംബത്തില്‍ ജനിച്ച ചിത്രക്ക് അച്ഛന്‍ കൃഷ്ണ നായര്‍  ആയിരുന്നു ജീവിതത്തിലെ വഴികാട്ടി. ചെറിയ പ്രായത്തില്‍ പാട്ടില്‍ മികവ് പുലര്‍ത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി പിന്നീട്. സ്‌കൂള്‍ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. എം ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

‘പിറന്നാള്‍ ജീവിതത്തില്‍ ആഹ്ലാദ നിമിഷം എന്ന് പറയാനൊന്നുമില്ല. ചെറിയ പ്രായത്തിലാണ് ജന്മദിനത്തില്‍ ആഹ്ലാദം. ജന്മനക്ഷത്രം വരുന്ന പിറന്നാള്‍ ദിനമാണ് സാധാരണ ആഘോഷിക്കാറ്. പായസമുണ്ടാക്കും, അല്ലാതെ കേക്ക് കട്ടിംഗ് ഒന്നുമുണ്ടാകാറില്ലായിരുന്നു. ഇപ്പോഴൊക്കെയാണ് കേക്ക് മുറിക്കല്‍ തുടങ്ങിയത്. ഞാന്‍ പിറന്നാള്‍ ആഘോഷിക്കാറില്ല. എന്റെ മക്കളെ പോലെ സ്നേഹിക്കുന്നവര്‍ കേക്ക് ഒക്കെ കൊണ്ടുവന്നാല്‍ കേക്ക് മുറിച്ച് ആഘോഷിക്കും’ ചിത്ര പറഞ്ഞു.

ആറ് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടും ഓരോ ഗാനം പാടുവാനും വേദിയില്‍ കയറുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ മികമായി വിറച്ചു പാടിയ കൊലുന്നനെയുള്ള പെണ്‍കുട്ടി ആയാണ് തോന്നുന്നതെന്ന് ചിത്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് അന്യഭാഷ ഗാനങ്ങള്‍ പാടുമ്പോഴാണ് പേടി ‘ഞാന്‍ തിരുവനന്തപുരത്ത് ആയിരുന്നതുകൊണ്ടുതന്നെ തമിഴുമായി ചെറിയ ബന്ധമുണ്ടായിരുന്നു. പക്ഷേ എന്നാല്‍ പോലും തമിഴ് ഗാനങ്ങള്‍ പാടുമ്പോള്‍ മലയാളം ആക്സന്റ് ഉണ്ടായിരുന്നുവെന്ന് ഇന്ന് കേള്‍ക്കുമ്പോള്‍ മനസിലാകുന്നു’ -ചിത്ര പറഞ്ഞു.

അറുപതില്‍ നില്‍ക്കുമ്പോഴും എല്ലാവരും തന്നെ ചേച്ചി എന്ന് വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചിത്ര  പറഞ്ഞു. ‘പക്ഷേ കുട്ടികളോട് ഞാന്‍ പറയും അമ്മൂമ്മയാകാനുള്ള പ്രായമുണ്ടെന്നും ചിത്ര ആന്റിയെന്നും അമ്മൂമ്മയെന്നോ വിളിക്കണമെന്ന് പറയും’- ചിത്ര പറഞ്ഞു.

പാട്ടുകാരിയായില്ലായിരുന്നുവെങ്കില്‍ താന്‍ അധ്യാപികയാകുമായിരുന്നുവെന്ന്  ചിത്ര. അധ്യാപനം തന്റെ ഇഷ്ടപ്പെട്ട മേഖലയാണെന്നും ആ വഴി തന്നെ തെരഞ്ഞെടുത്തേനെയെന്നും ചിത്ര പറഞ്ഞു.
താന്‍ പാടി തുങ്ങുന്ന സമയത്ത് തനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് അച്ഛനായിരുന്നുവെന്ന് ചിത്ര ഓര്‍മിച്ചു. എഞ്ചിനിയറായിരുന്ന വിജയനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് അച്ഛന്റെ മരണം. അച്ഛന് ശേഷം തന്നെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളിലും മറ്റും കൊണ്ടുനടന്നത് ഭര്‍ത്താവാണെന്നും, അദ്ദേഹം നല്‍കുന്ന പിന്തുണ വലുതാണെന്നും ചിത്ര പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *