തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ ഇന്ന് പുലിക്കളി മഹോത്സവം. ചെണ്ടവാദ്യത്തിനൊപ്പം അരമണി കിലുക്കി കുടവയര്‍ കുലുക്കി ചുവടുവെച്ച് പുലികള്‍ നഗരം കീഴടക്കും. ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുള്ളത്. ശങ്കരന്‍കുളങ്ങര, ചക്കാമുക്ക്, സീതാറാം മില്‍, കുട്ടന്‍കുളങ്ങര, കാനാട്ടുകര, വിയ്യൂര്‍, ഒളരിക്കര, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെയാണ് ടീമുകള്‍. ആറ് ദേശങ്ങള്‍ എം.ജി റോഡ് വഴി വൈകീട്ട് നാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. ഒരു ദേശം ഷൊര്‍ണൂര്‍ റോഡ് വഴിയും രണ്ട് ദേശങ്ങള്‍ വടക്കേ സ്റ്റാന്‍ഡ് വഴിയും റൗണ്ടില്‍ പ്രവേശിക്കും.വൈകീട്ട് നാലിന് മന്ത്രി ഒ.ജെ. ജനീഷ് ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. തുടര്‍ന്ന് പുലി സംഘങ്ങള്‍ റൗണ്ട് ചുറ്റി നടുവിലാലില്‍ ഗണപതിക്ക് തേങ്ങ ഉടക്കും. മത്സരങ്ങള്‍ വിലയിരുത്തുന്നതിനുള്ള പവലിയനുകള്‍ റൗണ്ടില്‍ ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്.ഈ വര്‍ഷം കോര്‍പറേഷന്റെ നിര്‍ദേശമനുസരിച്ചുള്ള മത്സരങ്ങളാണ് നടക്കുക. 51 പുലികളാണ് ഓരോ ടീമിലും ഉണ്ടാവുക. ഒമ്പത് ഇനങ്ങളില്‍ മത്സരവും സമ്മാനങ്ങളും ഉള്ളതിനാല്‍ പല ടീമുകളും തങ്ങളുടെ മടയിലെ ഒരുക്കങ്ങള്‍ക്ക് രഹസ്യസ്വഭാവം നല്‍കുന്നുണ്ട്.രാവിലെ മുതല്‍ പുലിച്ചമയ പ്രദര്‍ശനം തുടങ്ങി. നിശ്ചലദൃശ്യത്തിലെ ആദ്യ ഫ്‌ളോട്ട് ഒരുക്കുന്നത് കോര്‍പറേഷനും പൊലീസും സംയുക്തമായാണ്. ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം നല്‍കുന്നതായിരിക്കും ഈ ഫ്‌ളോട്ട്. പുലിക്കളിയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.പുലികളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ച മുതലാണ് ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മടകളില്‍ ഒരുക്കം തകൃതി, പൂരനഗരത്തില്‍ വൈകീട്ട് പുലിയിറക്കം












