തൃശൂര്‍: സംസ്ഥാനങ്ങള്‍ വരെ വിഭജിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കലാപങ്ങള്‍ മാറിയെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ഈ വര്‍ഷത്തെ നവമലയാളി സാംസ്കാരിക പുരസ്കാരം ഡോ.ജെ.ദേവികയില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
കലാപത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി സ്ത്രീയെ നഗ്നയാക്കി നടത്തുന്നു, കൂട്ടമാനഭംഗത്തിനിരയാക്കുന്നു. ഇരകളെ മാനഭംഗപ്പെടുത്താന്‍ പുരുഷന്മാരോട് ആവശ്യപ്പെടുന്നതും, മാനഭംഗത്തിന് നേതൃത്വം നല്‍കുന്നതും ചിലയിടങ്ങളില്‍ സ്ത്രീകള്‍ തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും, പോലീസും രണ്ട് തട്ടിലാണ്. പള്ളികള്‍ വരെ വിഭജിക്കപ്പെടുന്നു, കലാപത്തിനിടെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ജീവനോടെ കത്തിക്കുന്നു, ഹരിയാണയില്‍ മതപരമായ ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രകള്‍ വരെ ആക്രമിക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. അടുത്തയിടെ ആര്.പി.എഫുകാരന് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ട്രെയിനില്‍ വെടിവെച്ചുകൊന്ന സംഭവവും അവര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷം തുടരുമ്പോള്‍ അത്താഴത്തിന് അപ്പം തിന്ന കഥയാണ് പ്രധാനമന്ത്രി പറയുന്നതെന്നും അവര്‍ പരിഹസിച്ചു
മണിപ്പൂരില്‍ സംഭവിക്കുന്നതെന്തെന്ന് അറിയാന്‍ കേരള സര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കലാപം: മാനഭംഗത്തിന് സ്ത്രീകളും ആഹ്വാനം ചെയ്യുന്നുവെന്ന് അരുന്ധതി റോയ്
