ത്യശൂർ: നഗരത്തിലെ സ്വരാജ് റൗണ്ടിനു സമീപം തിരക്കേറിയ റോഡ് കെട്ടിയടച്ച് റോഡിന് നടുവിൽ സ്റ്റേജ് നിർമ്മിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ‘സാംസ്കാരികോത്സവം’ എന്ന പരിപാടിക്കെതിരെ ജനരോക്ഷം ഇരമ്പുന്നു.

വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും പാലസ് റോഡിലേക്കും സ്വരാജ് റൗണ്ടിൽ നിന്ന് വടക്കേ സ്റ്റാൻഡിലേക്കും വാഹനങ്ങളിൽ പോകുന്ന നൂറുകണക്കിന് ആളുകളാണ് വഴി കെട്ടിയടച്ചതിനാൽ വലഞ്ഞത്. വടക്കേ സ്റ്റാൻഡിനടുത്തുള്ള പെട്രോൾ പമ്പിന് സമീപമാണ് നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചിട്ടുള്ളത്. നിരവധി പൊതുപ്രവർത്തകർ പോലീസിനോട് പരാതി പറഞ്ഞെങ്കിലും ജില്ലാ ഭരണകൂടം എടുത്ത തീരുമാനമാണ് എന്നാണ് മറുപടി ലഭിക്കുന്നത്.

നാളെ മുതൽ രണ്ടു ദിവസമാണ് ‘സാംസ്കാരികോത്സവം’ നടക്കുക എന്നാണ് സ്ഥലത്ത് സ്ഥാപിച്ച ബോർഡിൽ പറയുന്നുത്. ഇത്തരം ഒരു പരിപാടി നടത്തുവാൻ നിരവധി സ്ഥലങ്ങളുള്ള തൃശ്ശൂരിൽ കോടതി വിധികളെ മാനിക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.