തൃശൂര്‍: കേരളീയര്‍ക്ക് സൗന്ദര്യബോധം കുറവെന്ന് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. അതിമനോഹരമായ വടക്കേച്ചിറയുടെ സൗന്ദര്യത്തിന് അടിവരയിടുന്ന പരിപാടിയാണ് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്റെ സൗന്ദര്യത്തെ വീണ്ടെടുക്കലാണിതെന്നും, ഇതൊരു തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രകൃതി ഭംഗിയും മനോഹാരിതയും കണ്ടെത്താന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. തൃശൂരിലുള്ളവര്‍ ഇവിടെയുള്ള പ്രകൃതിരമണീയമായ പ്രദേശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല. വളരെ മനോഹരമായ സ്ഥലങ്ങള്‍ കേരളത്തിലുണ്ടെന്നും, അവ തന്റെ സിനിമകളില്‍ ചിത്രീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രകൃതിഭംഗിയുള്ള സ്ഥലങ്ങള്‍ കേരളത്തിലുണ്ടോയെന്ന് പലരും അതിശയിച്ചുപോയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.