തൃശ്ശൂർ: തിരുവനന്തപുരത്ത് ഇന്ന് അവസാനിച്ച സ്കൂൾ കലോത്സവത്തിൽ പാലക്കാടിനോടും കോഴിക്കോടിനോടും ഇഞ്ചോടിഞ്ച് പോരാടി തൃശ്ശൂർ കലാമേളയുടെ ചാമ്പ്യന്മാരായി സ്വർണ്ണ കപ്പ് ഏറ്റുവാങ്ങി. ജേതാക്കളായ തൃശ്ശൂരിന് 1008 പോയിന്റുകളും രണ്ടാം സ്ഥാനക്കാരായ പാലക്കാട് തൊട്ടുപിന്നിൽ 1007 പോയിന്റുകളും മൂന്നാം സ്ഥാനത്ത് കണ്ണൂർ 1003 പോയിന്റുകളും നേടി. കലോത്സവത്തിൽ ഏറ്റവും അധികം തവണ ജേതാക്കളായ കോഴിക്കോടിന് 1002 പോയിന്റുകൾ നേടി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. സിനിമാതാരങ്ങളായ ടോവിനോയും ആസിഫ് അലിയും സമാപനച്ചടങ്ങിന് മാറ്റു കൂട്ടി.
1999 നു ശേഷമാണ് തൃശ്ശൂർ സ്കൂൾ കലോത്സവത്തിൽ ജേതാക്കൾ ആകുന്നത്. ഇതിനുമുൻപ് പല വർഷങ്ങളിലും കടുത്ത മത്സരങ്ങളിൽ അവസാന ദിവസം തൃശ്ശൂരിന് കിരീടം നഷ്ടപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിൽ നിന്നുള്ള വിവിധ സ്കൂളുകളിലെ കലാപ്രതിഭകളുടെ മികവുറ്റ പ്രകടനമാണ് ഇത്തവണ ജില്ലയ്ക്ക് കലാകിരീടം ചൂടാൻ വഴിയൊരുക്കിയത്. ഹയർസെക്കൻഡറി – ഹൈസ്കൂൾ വിഭാഗങ്ങളിൽ തൃശ്ശൂർ തന്നെയാണ് ജേതാക്കൾ. യഥാക്രമം 526, 482 പോയിന്റുകൾ നേടി.
എച്ച്എസ്എസ് ചെന്ത്രാപ്പിന്നി സ്കൂൾ 53 പോയിന്റ് നേടി തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കലോത്സവത്തിലെ മികച്ച ടീം ആയി. എസ്എച്ച്സിജി എച്ച്എസ്എസ് തൃശ്ശൂർ 45 പോയിന്റ് നേടി. എച്ച്ഡിപിഎസ്എച്ച്എസ്എസ് എടതിരിഞ്ഞിയും കാർമൽ എച്ച്എസ്എസ് ചാലക്കുടിയും 40 പോയിന്റുകൾ വീതം നേടി തൃശ്ശൂരിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.