വാക്ക് ഔഷധമാണ്. വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നു സുകുമാർ അഴീക്കോട്
തൃശൂർ: വാക്കിനെ മഹത്തായ ആശയമാക്കി, എന്നാൽ ലളിതമായി അഴീക്കോട് മാഷ് നടത്തിയ പ്രസംഗങ്ങൾ കൊടുങ്കാറ്റായി തത്വവിചാരങ്ങളുടെ കൊടുങ്കാറ്റായി മാറിയെന്ന് എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം. പി അബ്ദു സമദ് സമദാനി. അഴീക്കോടിന്റെ പ്രസംഗങ്ങൾ അധികാരത്തിൻെറ വലിയ കുംഭഗോപുരങ്ങളെപ്പോലും പലപ്പോഴും വിറകൊള്ളിച്ചു. എവിടെയൊക്കെ അസമത്വമുണ്ടോ , അനീതിയുണ്ടോ അവിടെയെല്ലാം ആ കൊടുങ്കാറ്റ് ആഞ്ഞുവീശി. വേദികളിൽ നിന്ന് വേദികളിലേക്ക് ( ഒരു ദിവസം ആറെന്ന കണക്കിൽ അത് മാഷുടെ റെക്കോർഡുമായി ) ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് 300-ൽ പരം കിലോമീറ്റർ ദിനംപ്രതി സഞ്ചരിച്ച് അക്ഷരാർത്ഥത്തിലും അഴീക്കോട് കൊടുങ്കാറ്റായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് വിചാരം വാട്ട്സാപ്പ് കൂട്ടായ്മയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അഴീക്കോട് ജന്മദിന സമ്മേളനം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദു സമദ് സമദാനി.
യോഗത്തിൽ ഫൗണ്ടേഷൻ ജന. സെക്രട്ടറി ജയരാജ് വാര്യർ അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. ഐ. സുരേഷ്ബാബു , ജോസ് തെക്കേത്തല , സുനിൽ കൈതവളപ്പിൽ , രാധാകൃഷ്ണൻ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി. ദേശാന്തർദ്ദേശീയമായി ഓൺലൈനിൽ നടത്തിയ അഴീക്കോട് സ്മാരകപ്രസംഗമത്സവിജയികൾക്കുള്ള ക്യാഷ് പ്രൈസ് , സർട്ടിഫിക്കറ്റ് , ജീവചരിത്രഗ്രന്ഥം എന്നിവ ചടങ്ങിൽ സമദാനി സമ്മാനിച്ചു.
ശേഷം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരുടെ പ്രസംഗങ്ങൾ സദസ്യർക്കുമുന്നിൽ അവതരിപ്പിച്ചു. IASE പ്രിൻസിപ്പാൾ Dr. രാജേശ്വരി , എ.പി. രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എൻ. രാജഗോപാൽ നന്ദി പറഞ്ഞു.