Newsskerala

തൃശ്ശൂർ പൂരം: ആഘോഷങ്ങൾ ഒഴിവാക്കി ആചാരം നടത്തും

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി ആചാരം മാത്രമായി നടത്താൻ തീരുമാനിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം മന്ത്രി വി. എൻ. വാസവൻ്റെ അധ്യക്ഷതയിൽ ജില്ലാകളക്ടറേറ്റിൽ വിളിച്ചു ചേർത്ത പൂരം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

ആഘോഷ പരിപാടികൾ ഒഴിവാക്കി ആചാരങ്ങളിൽ ഒതുക്കി തൃശൂർ പൂരം നടത്താമെന്ന് യോഗത്തിൽ പങ്കെടുത്ത പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. പൂരത്തിനോടനുബന്ധിച്ച വെടിക്കെട്ട് ഇരു ദേവസ്വങ്ങളും ഒഴിവാക്കും. കുടമാറ്റം ഏകദേശം 15 മിനിറ്റ് മാത്രമായി ചുരുക്കുമെന്നും ഘടക പൂരങ്ങൾ ആചാര അനുഷ്ഠാനങ്ങൾ ഒഴിവാക്കാതെ തൃശൂർ പൂരത്തിൽ പങ്കെടുക്കുമെന്നും ഇരു ദേവസ്വങ്ങളുടെയും ഭാരവാഹികൾ അറിയിച്ചു.

പൂരം നടത്തിപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷയ്ക്കായി 350 സിസിടിവി ക്യാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുമെന്നും വനിതാ പോലീസ് സേനയെയും പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്ക് വിന്യസിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

നാട്ടാന പരിപാലന ചട്ടം പാലിച്ചുകൊണ്ടുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി വനം, മൃഗസംരക്ഷണ വകുപ്പുകളെ ചുമതലപ്പെടുത്തി. ആനകളുടെ വിന്യാസം, എഴുന്നള്ളിപ്പിന്റെ ക്രമീകരണങ്ങൾ എന്നിവയിൽ മുൻകരുതലുകൾ എടുക്കും.

ജില്ലയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ പൂരത്തിന് വരുന്നവർ അതിനനുസരിച്ച മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. കുടിവെള്ളം, തൊപ്പി, കുട എന്നിവ കൈവശം കരുതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *