ക്ഷീര മേഖലയിലും തൊഴിൽ സംരംഭങ്ങൾക്കും സ്വന്തം ബ്രാൻഡ് , 32 വനിത ഫിറ്റ്നെസ് സെന്റർ ആരംഭിക്കുന്നതിനായി 60 ലക്ഷം ,വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് 75 ലക്ഷം , വിദ്യാർഥിനികൾക്ക് കരാട്ടെ, കളരി, തയ്‌ക്കൊണ്ടോ തുടങ്ങിയ ആയോധനകലകൾ പരിശീലിപ്പിക്കുന്നതിന് 10 ലക്ഷം
തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ 2023- 24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. 134,01,50,422 രൂപ വരവും 133,33,10,000 രൂപ ചെലവും 68,40,422 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കാർഷിക – അനുബന്ധ മേഖലയ്ക്കായി 10 കോടി രൂപയും ആരോഗ്യ-സേവന മേഖലകൾക്കായി 35 കോടി രൂപയും പശ്ചാത്തല മേഖലയുടെ വികസനത്തിനായി 40 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയുടെ വികസനത്തോടൊപ്പം വിഭവസമാഹരണത്തിനും ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഭരണചെലവ് പരാമാവധി ലഘുകരിച്ച് കൂടുതൽ തുക വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ബജറ്റ് ആസൂത്രണം ചെയ്തത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലാപഞ്ചായത്തിന് ആസ്തി സൃഷ്ടിക്കുന്നതിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെ ധനസഹായത്തോടെ ആരംഭിക്കുന്ന തൊഴിൽ സംരംഭങ്ങൾ “സംരംഭ” എന്ന ബ്രാൻ്റിന് കീഴിലാക്കും. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാൽ, പാലുൽപ്പന്നങ്ങളും, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡായി ഇറക്കാനും പദ്ധതിയുണ്ട്. മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. തെരഞ്ഞെടുത്ത 29 പഞ്ചായത്തുകളിൽ ആരംഭിച്ച ശുചിപൂർണ പദ്ധതിക്ക് പരിപാടികൾ ആസൂത്രണം ചെയ്യും. ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് 3 കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി. കാൻസർ മുക്ത തൃശൂരിനായി ആരംഭിച്ച ക്യാൻ തൃശൂർ പദ്ധതിക്കായി 1.5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള വിവിധ പരിപാടികൾക്കായി നീക്കിവെക്കുന്നത്. ചേറ്റുവക്കോട്ട സൗന്ദര്യവത്കരണത്തിനും ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും പദ്ധതിയുണ്ടാകും. പട്ടികജാതി കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആദിവാസി ഊരുകളുടെ പുനരുദ്ധാരണത്തിനും വകയിരുത്തുന്നതിനു പുറമെ വിദൂര ആദിവാസി ഊരുകളിൽ നടപ്പാക്കുന്ന വിദ്യാതരംഗം പദ്ധതി തുടരുന്നതിനും ബഡ്ജറ്റ് വകയിരുത്തുന്നു. മധ്യവേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി വിജ്ഞാന സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ ശാസ്ത്ര പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 12 ഡി തിയ്യറ്റർ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി പി എസ് ഷിബു സ്വാഗതം പറഞ്ഞു. ബജറ്റ് ചർച്ചയിൽ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ എസ് ജയ, ദീപ എസ് നായർ, എ വി വല്ലഭൻ, പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ടാജറ്റ്, വി എൻ സുർജിത്ത്, കെ വി സജു, ലീല സുബ്രഹ്മണ്യൻ, വി എസ് പ്രിൻസ്, ജെനീഷ് പി ജോസ്, ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി എന്നിവർ പങ്കെടുത്തു.വനിതാ ശാക്തീകരണത്തിനും വയോജന-ശിശു ക്ഷേമത്തിനും ഊന്നൽ നൽകി ഭിന്നശേഷി സൗഹൃദമായി അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് ബജറ്റ് ജനകീയമായി. സ്തീകളുടെ മാനസികവും ശാരീരികവും ജീവിതശൈലി രോഗ പ്രതിരോധത്തിനുമായി 32 വനിത ഫിറ്റ്നെസ് സെന്റർ ആരംഭിക്കുന്നതിനായി 60 ലക്ഷം രൂപയാണ് വകയിരുത്തിയത്. വ്യക്തിശുചിത്വത്തിന് മാതൃകയായി ഷീ പാഡ് യൂണിറ്റുകൾ പ്രാവർത്തികമാക്കും. ഭിന്നശേഷി സൗഹൃദ ജില്ലയുടെ ഭാഗമായി രാമവർമ്മപുരത്ത് നിർമ്മാണം പൂർത്തീകരിക്കുന്ന കെട്ടിടത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.ക്ലീൻ തൃശൂർ – എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യം ഉയർത്തി തൃശ്ശൂർ ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃകകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 ഡിവിഷനുകളിലെ 29 ഗ്രാമപഞ്ചായത്തുകളിൽ ശുചിപൂർണ്ണ ജില്ലാതല പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കാനാണ് ബജറ്റിൽ തീരുമാനം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന റീസൈക്ലിംഗ് യൂണിറ്റുകൾ, ബയോ ബിന്നുകൾ, ബോധവൽക്കരണ പരിശീലന ക്ലാസുകൾ, ഹരിത കർമ്മ സേനയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയ്ക്ക് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ 2023-2024 വർഷത്തെ ബജറ്റ് കോവിഡ് മഹാമാരിയിൽ നിന്ന് കരയരുന്ന ആരോഗ്യമേഖലക്ക് കൈത്താങ്ങാവുകയാണ്. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സ്ഥാപനത്തിന്റെ ഭൗതികസാഹചര്യ പുരോഗതിക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും സേവനസഹായ പ്രവർത്തനങ്ങൾക്കുമായി 75 ലക്ഷം രൂപ നീക്കിവെച്ചു. നിർദ്ധന രോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് സെന്റർ തുടർപ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.കാൻസർ മുക്ത തൃശ്ശൂർ ജില്ല എന്ന മുദ്രാവാക്യവുമായി പ്രവർത്തനം മുന്നേറുന്ന കാൻ തൃശ്ശൂർ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്നതിന് 1.50 കോടി രൂപ അനുവദിച്ചു. ജീവിതശൈലീരോഗ നിയന്ത്രണത്തിന് പ്രാമുഖ്യം നൽകുന്ന തൃശ്ശൂർ ഹെൽത്ത് ലൈൻ പദ്ധതി, സ്ലിം കേരള പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാൻ നടപടികളുണ്ട്. ആരോഗ്യ മേഖലയിലെ വിവിധ പരിപാടികൾ, മരുന്നുകൾ എന്നിവയ്ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു.ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ ഇടംനേടി. ചേറ്റുവക്കോട്ട സൗന്ദര്യവൽക്കരിക്കാനും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുമാണ് പദ്ധതി. ജില്ലയിലെ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ബജറ്റ്. പൊതുവിദ്യാലയങ്ങളിലെ ഹാജർ നിലവാരം നേരിട്ട് രക്ഷിതാക്കളിൽ എത്തിക്കുന്ന ‘സഹായ എസ്എംഎസ്’ പദ്ധതി ഈ വർഷം യാഥാർത്ഥ്യമാക്കും. പദ്ധതിക്കായി 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധത്തിനായി കരാട്ടെ, കളരി, തയ്‌ക്കൊണ്ടോ തുടങ്ങിയ ആയോധനകലകൾ വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. കായികാധ്യാപകരില്ലാത്ത ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കായികാധ്യാപകരെ നിയമിക്കുന്നതിനും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു.
ReplyForward |