വൈദ്യരത്നം വന്ധ്യത ചികിത്സ ക്ലിനിക് ഉദ്ഘാടനം ചെയ്തു
WATCH VIDEO HERE….
തൃശ്ശൂര്‍: തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുര്‍വേദ ഫൗണ്ടേഷന്റെ നൂതനസംരംഭമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ചലച്ചിത്ര താരവും, നര്‍ത്തകിയുമായ ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. ധന്വന്തരി ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ടി. യദു നാരായണന് മൂസ്സ് അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഫൗണ്ടേഷന്റെ കീഴിലുള്ള ആശുപത്രിയില്‍ മുന്‍നിശ്ചയ പ്രകാരമുള്ള ഒരു ദിവസം വന്ധ്യത നിവാരണവുമായി ബന്ധപ്പെട്ട സൗജന്യ കണ്സള്ട്ടേഷന് എല്ലാ മാസവും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സവിശേഷമായ രോഗനിവാരണ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി വൈദ്യരത്നം ഗ്രൂപ്പ് കൂടുതല്‍ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ തുടങ്ങും.
വന്ധ്യതാ നിവാരണത്തിന് ആയുര്‍വേദ വിധിപ്രകാരമുള്ള പരിഹാരങ്ങള്‍ അര്‍പ്പണബോധത്തോടെയുള്ള ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതിനെ അടിസ്ഥാനമാക്കിയ ചികിത്സയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
വന്ധ്യതാ നിവാരണത്തിന് ആവശ്യമായ, ശാസ്ത്രീയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുമെന്നും ഡോ. ഇ.ടി. യദു നാരായണന് മൂസ്സ് പറഞ്ഞു. വന്ധ്യത നിവാരണവും, ഗര്‍ഭധാരണത്തിന് മുമ്പും, പ്രസവശേഷവുമുള്ള പരിപാലനവും സമഗ്രമായി പ്രദാനം ചെയ്യുന്ന നൂതനമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കാണിത്. ആരോഗ്യവും ഊര്‍ജ്ജസ്വലതയും ഒത്തിണങ്ങിയ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുന്ന സംരംഭമാണ് ഐ-ഫാം. ഗര്‍ഭധാരണത്തിനും മുമ്പും, പ്രസവ ശേഷവുമുള്ള ശ്രുശ്രൂഷകളും, പരിരക്ഷകളും വന്ധ്യത നിവാരണ ചികിത്സയും ഒരേ കുടക്കീഴില് ലഭ്യമാക്കുന്നതാണ് ഐ- ഫാമിന്റെ പ്രത്യേകത.
വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഇ.ടി.കൃഷ്ണന് മൂസ്സ്, ചീഫ്് ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.വേണുഗോപാല്‍ എ.ആര്.എം.സി തൃശൂര്‍, വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.ലത, വൈദ്യരത്നം ആയുര്‍വേദ ഫൗണ്ടേഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ഡോ.കെ.വി.രാമന്‍കുട്ടി, വൈദ്യരത്നം ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ ടി.എന്‍.നീലകണ്ഠന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഫോട്ടോ കാപ്ഷന്‍: ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുര്‍വേദ ഫൗണ്ടേഷന്റെ നൂതനസംരംഭമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ചലച്ചിത്ര താരവും, നര്‍ത്തകിയുമായ ആശ ശരത്ത് ഉദ്ഘാടനം ചെയ്യുന്നു