Newsskerala

ലോകകപ്പ് ഫുട്‌ബോള്‍:,മെസ്സിക്ക് ആദ്യ ഹാട്രിക്

കാന്‍സാസ് സിറ്റി: ലോകഫുട്‌ബോളില്‍ വീണ്ടും മെസ്സി മാജിക്. ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ  മാന്ത്രിക ഹാട്രിക്കിന്റെ മികവില്‍ 2026 ലോകകപ്പിലെ ആദ്യമത്സരത്തില്‍ അള്‍ജീരിയയ്ക്കെതിരെ അര്‍ജന്റീനയ്ക്ക് മിന്നും ജയം. കാന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് (3-0) നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അള്‍ജീരിയയെ തകര്‍ത്തത്. തന്റെ കരിയറിലെ മറ്റൊരു ചരിത്രപരമായ പ്രകടനത്തിലൂടെ മത്സരത്തിലുടനീളം ലയണല്‍ മെസ്സി തന്നെയാണ് കളിയിലെ താരം.
തന്റെ ആറാം ലോകകപ്പില്‍ കളത്തിലിറങ്ങിയ മെസ്സി, കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ഇന്ന് ബൂട്ട് കെട്ടിയത്. ആദ്യ പകുതിയില്‍ അര്‍ജന്റീന ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ബോക്‌സിന് വെളിയില്‍ നിന്ന് മെസ്സി തൊടുത്ത മിന്നല്‍പ്പിണര്‍ അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്ക സിദാന്റെ കൈകളില്‍ തട്ടി വലയിലെത്തുകയായിരുന്നു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ഗോള്‍വേട്ടക്കാരനായി മെസ്സി മാറി.
രണ്ടാം പകുതിയിലും അര്‍ജന്റീനയുടെ മാരകമായ ആക്രമണ ഫുട്ബാളാണ് കാന്‍സാസ് സിറ്റിയില്‍ കണ്ടത്. കളിയുടെ 60-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്തുനിന്നുള്ള മനോഹരമായ ഒരു നീക്കത്തിലൂടെ മെസ്സി അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി (2-0). എന്നാല്‍ അവിടംകൊണ്ടും മെസ്സി മാജിക് അവസാനിച്ചില്ല; 76-ാം മിനിറ്റില്‍ അള്‍ജീരിയന്‍ പ്രതിരോധത്തെ പൂര്‍ണ്ണമായി കാഴ്ചക്കാരാക്കി മെസ്സി തന്റെ ഹാട്രിക് ഗോള്‍ പൂര്‍ത്തിയാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്ന് മെസ്സി അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ആയതിനാല്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. തൊട്ടുപിന്നാലെ എട്ടാം മിനിറ്റില്‍ അള്‍ജീരിയയുടെ ഇബ്രാഹിം മാസയുടെ പാസില്‍ നിന്ന് ചാബി അര്‍ജന്റീനന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും, അതും വാര്‍ പരിശോധനയില്‍ ഓഫ്സൈഡ് എന്ന് തെളിഞ്ഞു.

കോച്ച് ലയണല്‍ സ്‌കലോനിയുടെ കീഴില്‍ എമിലിയാനോ മാര്‍ട്ടിനെസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മാക് അലിസ്റ്റര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്. മറുഭാഗത്ത് ലൂക്ക സിദാന്‍, റയാന്‍ ഐത്-നൗരി, അമിന്‍ ഗൗരി എന്നിവരടങ്ങുന്ന അള്‍ജീരിയന്‍ നിര ആദ്യപകുതിയില്‍ മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും രണ്ടാം പകുതിയിലെ മെസ്സി കൊടുങ്കാറ്റില്‍ അവര്‍ക്ക് മറുപടിയില്ലാതായി. ഈ മിന്നുന്ന ജയത്തോടെ ഗ്രൂപ്പ് ജെ-യില്‍ അര്‍ജന്റീന തങ്ങളുടെ കിരീട പ്രതിരോധം ആധികാരികമായി തന്നെ തുടങ്ങി കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *