തൃശൂർ: സംഘപരിവാർ ഭാവനയിലെ സ്റ്റോറിയല്ല ഞങ്ങളുടെ കേരളത്തിന്റെ കഥയെന്ന് കഥാകൃത്ത് പി സുരേന്ദ്രൻ.
മതപരിവർത്തന ആരോപണങ്ങൾക്കെതിരെ യൂത്ത് ലീഗിന്റെ ഇനാം ചലഞ്ച് തൃശൂർ കളക്ട്രേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സൗഹൃദാന്തരീക്ഷവും മതേതര പാരമ്പര്യവും തകർക്കാൻ സംഘപരിവാർ ആസൂത്രണം ചെയ്ത കഥയാണ് ലൗ ജിഹാദ്. അത് ഏറ്റെടുക്കുകയാണ് കേരള സ്റ്റോറി ചെയ്തിരിക്കുന്നത്.
സംഘപരിവാര്‍ വിതച്ച വംശവെറിയുടെയും വിഭാഗീയതയുടെയും വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ സിനിമ.
കേരളത്തെ അപകീർത്തിപ്പെടുത്തിയുള്ള ഈ രാഷ്ട്രീയക്കളിക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നു. അതിനു വേണ്ടിയാണ് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 5 വരെ കൗണ്ടർ ഒരുക്കിയത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്, സെക്രട്ടറി പി എ ഷാഹുൽ ഹമീദ്, ദുബായ് കെ എം സി സി ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ എ വി അലി, അസീസ് മന്ദലാംകുന്ന്, ടി എ ഫഹദ്, പി ജെ ജെഫീക്ക്, ആർ വി ബക്കർ, ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി സുൽത്താൻ ബാബു, ജനറൽ സെക്രട്ടറി സി കെ ബഷീർ, കരീം പന്നിത്തടം പ്രസംഗിച്ചു
,