Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

‘കാഴ്ചശക്തി അപഹരിക്കുന്ന നിശബ്ദനായകള്ളൻ’- ഗ്ലോക്കോമ

#worldglaucomaweek2022

ലോക ഗ്ലൂക്കോമ വാരാചരണത്തോടനുബന്ധിച്ച് തൃശ്ശൂരിലെ ആര്യ ഐ കെയർ ആശുപത്രിയിലെ ഡോ.  മീനുദത്ത്  കെ.ബി. യുടെ ലേഖനം


അറുപത് വയസിന് മുകളിലുള്ളവരിൽ അന്ധതക്കുള്ള പ്രധാന കാരണമാണ് ഗ്ലോക്കോമ. എന്നിരുന്നാലും ഇത് ഏതു പ്രായക്കാരെയും ബാധിക്കാം. ആഗോളതലത്തിൽ അന്ധതക്കു കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗം മൂലം 4.5 ദശലക്ഷം ആളുകൾ അന്ധരാണെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. കണ്ണിലെ അസാധാരണമായ ഉയർന്ന മർദ്ദം (intra ocular pressure) മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.  
ഗ്ലോക്കോമ മൂലമുണ്ടാകുന്ന കാഴ്ചനഷ്ടം വീണ്ടെടുക്കാൻ സാധ്യമല്ല. എന്നാൽ രോഗാരംഭത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാൽ കാഴ്ചനഷ്ടം മന്ദഗതിയിൽ ആക്കുകയോ തടയുകയോ ചെയ്യാം. ഈ രോഗാവസ്ഥയുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായി വരും.

ഗ്ലോക്കോമ എന്തുകൊണ്ട് ഉണ്ടാകുന്നു….

സാധാരണ കണ്ണിലെ മർദ്ദം 12-22 mm Hg ആണ്. മർദ്ദം 22 mm of Hg യിൽ കൂടുതലാണെങ്കിൽ അത് ഉയർന്ന തായി കണക്കാക്കുന്നു. കണ്ണിന്റെ ഉള്ളിൽ ഉടനീളം ഒഴുകുന്ന ഒരു ദ്രാവകം (Aqueous humor) അടിഞ്ഞൂ കൂടുന്നതാണ് ഉയർന്ന നേത്രമർദത്തിന് കാരണം.

ഈ ആന്തരിക ദ്രാവകം സാധാരണയായി കണ്ണിനുള്ളിൽ നിന്ന് പുറത്തേക്ക് 
ഒഴുകുവാനുള്ള സംവിധാനമുണ്ട്. ഈ ദ്രാവകം കണ്ണിനുള്ളിൽ അമിതമായി ഉൽപാദിപ്പിക്കുകയോ അല്ലെങ്കിൽ ഈ ദ്രാവകത്തിന് പുറത്തേക്ക് ഒഴുകുവാൻ കഴിഞ്ഞില്ലെങ്കിലോ കണ്ണിലെ മർദ്ദം വർദ്ധിക്കുന്നു. ഈ ഉയർന്ന മർദ്ദം ദീർഘകാലം നീണ്ടുനിന്നാൽ കണ്ണിലെ നാഡിക്ക് (optic nerve) കേടുപാടുകൾ ഉണ്ടാക്കുന്നു. ഈ കേടുപാടുകൾ മൂലമുണ്ടാകുന്ന കാഴ്ചനഷ്ടം ചികിത്സിച്ചു മാറ്റാനും സാധിക്കുകയില്ല. വളരെ അപൂർവ്വമായി കണ്ണിലെ മർദ്ദം സാധാരണ രീതിയിൽ ആണെങ്കിലും ഗ്ലോക്കോമ ഉണ്ടാകാം.

രോഗലക്ഷണങ്ങൾ…

ഗ്ലോക്കോമ പ്രധാനമായും രണ്ടുതരത്തിലുണ്ട്. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ (Open angle) യും ക്ലോസ്ഡ് ആംഗിൾ (Closed Angle) ഗ്ലോക്കോമയും. രണ്ടിന്റെയും രോഗലക്ഷണങ്ങൾ വ്യത്യസ്തമാണ്. ഓപ്പൺ ആംഗിൾ ഗ്ലോക്കോമയിൽ രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയുള്ളവരിൽ മിക്കവർക്കും രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതുവരെ കാഴ്ചശക്തിയിൽ വന്നിരിക്കുന്ന കുറവ് തിരിച്ചറിയാൻ പറ്റാറില്ല. ഒരു വ്യക്തിയുടെ ശ്രദ്ധയിൽപ്പെടാതെ തന്നെ ഗ്ലോക്കോമക്ക് കാഴ്ചയുടെ 40% വരെ കവർന്നെടുക്കാം. അതിനാൽ ഗ്ലോക്കോമയെ കാഴ്ചശക്തി അപഹരിക്കുന്ന ഒരു ‘നിശബ്ദനായ കള്ളൻ’ (Silent thief of sight) എന്നാണ് വിശേഷിപ്പിക്കുന്നത്. രോഗം പുരോഗമിക്കുമ്പോൾ വശങ്ങളിൽ നിന്നുള്ള കാഴ്ചശക്തിയെ (peripheral vision) ബാധിച്ചു തുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന തലവേദന, കണ്ണുവേദന, കണ്ണിൽ ചുവപ്പ്, കാഴ്ചമങ്ങൽ, ഓക്കാനും, ഛർദ്ദി, ലൈറ്റുകൾക്കു ചുറ്റും മഴ വില്ലിന്റെ നിറത്തിൽ വളയങ്ങൾ കാണുക എന്നി വയൊക്കെയാണ് ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയുടെ പ്രധാന ലക്ഷണങ്ങൾ.


ഗ്ലോക്കോമ എങ്ങിനെ ആരംഭത്തിൽ കണ്ടുപിടിക്കാം?

പ്രാരംഭഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. വാസ്തവത്തിൽ ഗ്ലോക്കോമ ബാധിച്ച പകുതി പേർക്കും തങ്ങൾക്കിത് ഉണ്ടെന്ന് അറിയില്ല. അതിനാൽ പതിവായി നേത്രപരിശോധന നടത്തി കണ്ണിന്റെ മർദ്ദം അളക്കുന്നത് കാഴ്ച  നഷ്ടപ്പെടുന്നതിനു മുൻപ് ഈ രോഗം കണ്ടെത്താൻ സഹായിക്കും. 40 വയസ്സിലുള്ള മുകളിലുള്ളവർ മൂന്നുവർഷത്തിലൊരിക്കൽ ഗ്ലോക്കോമയുടെ നേത്രപരി ശോധനക്ക് വിധേയരാകണം. എന്നാൽ 65 വയസ്സിന്  മുകളിലുള്ള  വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തേണ്ടതാണ്. ഏതെങ്കിലും കുടുംബാംഗങ്ങൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിലോ, ദീർഘദൃഷ്ടിയുള്ളവരും (long sightedness), ഹ്രസ്വദൃഷ്ടിയുള്ളവരും (short sightedness), കണ്ണിന് പരിക്കേറ്റിട്ടുള്ളവരും, ദീർഘകാലമായി സ്ട്രിറോയ്ഡ് (steroid) മരുന്നുകൾ ഉപയോഗിക്കുന്നവരും, പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം, മൈഗ്രേയ്ൻ എന്നീ ആരോഗ്യ പ്രശ്ന ങ്ങൾ ഉള്ളവരും പ്രത്യേകിച്ച് നേത്ര പരിശോധനക്ക് വിധേയരാകേണ്ടതാണ്. 
 
ചികിത്സ ഗ്ലോക്കോമ മൂലം കണ്ണിലുണ്ടാകുന്ന കേടുപാടുകൾ ശാശ്വതമാണ്. അത് ചികിത്സിച്ച് മാറ്റാൻ സാധിക്കുകയില്ല. എന്നാൽ ആരംഭത്തിലേ ചികിത്സിക്കുകയാണെങ്കിൽ അത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരി ക്കാൻ സഹായിക്കും. രോഗം സ്ഥിരീകരിച്ചാൽ കഴിഞ്ഞാൽ ആജീവനാന്തം ചികിത്സ ആവശ്യമാണ്. മരുന്ന് (eye drops) തുള്ളി മരുന്നുകൾ കണ്ണിലെ മർദ്ദം കുറക്കാനായിട്ട് സഹായിക്കുന്നു. കണ്ണിൽ ഉത്പാദിപ്പിക്കുന്ന ദ്രാവകത്തിന്റെ അളവ് കുറച്ചുകൊണ്ടോ അല്ലെങ്കിൽ ആ ദ്രാവകം പുറത്തേക്കൊഴുകുവാൻ സഹായിക്കുന്നതി ലൂടെയോ ആണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്. 

ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഈ മരുന്നുകൾ മാറുകയോ നിർത്തുകയോ ചെയ്യരുത്.
ശസ്ത്രക്രിയഇത് ലേസർ ഉപയോഗിച്ചും അല്ലാതെയുമുള്ള ശസ്ത്രക്രിയകൾ ലഭ്യമാണ്. ശസ്ത്രക്രിയയിലൂടെ കണ്ണിനുള്ളിൽ നിന്ന് ദ്രാവകം സുഗമമായി പുറത്തേക്കൊഴുകുവാൻ സഹായിക്കുന്നു. അതുമൂലം കണ്ണിലെ മർദ്ദം കുറയുന്നു. മരുന്നുകൾ ഉപയോഗിക്കുന്നവരോ ശസ്ത്രക്രിയക്ക് വിധേയരായവരോ ഓരോ മൂന്നുമാസത്തിലും നേത്രരോഗ വിദഗ്ധനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.


ഡോ. മീനുദത്ത്  കെ.ബി.
Phaco, Oculoplasty & Squint Surgeon 
ആര്യ ഐ കെയർ, പള്ളിത്താമം ബിൽഡിംഗ്, തൃശ്ശൂർ- 680020
ഫോൺ: 8891310882, 8891310884, 8891310 886
E-mail: info@aaryaeyecare.in 
www.aaryaeyecare.in

Leave a Comment

Your email address will not be published. Required fields are marked *