തിരുവനന്തപുരം: രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കര്‍ഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ 30 കോടി തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് നാളെ അര്‍ധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം സ്തംഭിക്കും. പാല്‍വിതരണം, പത്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകള്‍, ആംബുലന്‍സുകള്‍ എന്നിവ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നാല് തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കണം, ഡ്രാഫ്റ്റ് സീഡ് ബില്‍, വൈദ്യുതി ഭേദഗതി ബില്‍, എന്നിവ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


















