തൃശൂര്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃശൂരില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡും പോലീസും തൃശൂര്‍ കാച്ചേരിയിലുള്ള ഒരു അച്ചാര്‍ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 750 ഭക്ഷ്യക്കിറ്റുകള്‍ പിടിച്ചെടുത്തു.
ഈ സ്ഥാപനം ഒരു ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി തയാറാക്കിയതാണ് ഈ കിറ്റുകളെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്രയധികം കിറ്റുകള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഒരു ക്ഷേത്രത്തില്‍ വിഷുവിന് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ച കിറ്റുകളാണെന്നാണ് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്.


















