Newsskerala

വിദ്വേഷ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തൃശൂര്‍: ബിജെപി സംസ്ഥാന നേതാവും,ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. സിപിഎം, കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പുറമേ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാദ പ്രസംഗത്തിന്റെ  വീഡിയോകള്‍ അടിയന്തരമായി നീക്കം ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഐ.ടി സെല്ലിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ‘ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഹിന്ദു എംഎല്‍എ ഇല്ല’ എന്ന ഗോപാലകൃഷ്ണന്റെ  പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *