തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലടകം പത്തിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.എക്സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലടക്കം ഇഡി സംഘം റെയ്ഡ് നടത്തി വരികയാണ്.
പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. പിണറായി വിജയനും മകള്‍ വീണാ വിജയനുള്‍പ്പടെയുള്ളവരും തിരുവനന്തപുരത്തെ വീട്ടിലാണ് ഉള്ളത്. രാവിലെ ആറ് മണിക്ക് കണ്ണൂരിലെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയര്‍ടേക്കറെ വിളിച്ച് വരുത്തി തുറപ്പിക്കുകയായിരുന്നു. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്. രാവിലെ ആറരയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. മുഹമ്മദ് റിയാസ് വീട്ടില്‍ കോഴിക്കോട്ടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീണാ വിജയനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്്
എക്സാലോജിക്-സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പി.എം.എല്‍.എ.) കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചും റെയ്ഡുണ്ട്.കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.














