ഇന്ത്യൻ പെയ്സർമാർ നിറഞ്ഞാടി ; സെഞ്ചൂറിയനിൽ ചരിത്രവിജയം
കൊച്ചി: ലോകത്ത് ഏറ്റവുമധികം ആതിഥേയർക്ക് ടെസ്റ്റ് മത്സരത്തിൽ വിജയശതമാനം ഉള്ള ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആതിഥേയരെ തറപറ്റിച്ച് ഇന്ത്യ.
80.77 ശതമാനമാണ് സെഞ്ചൂറിയനിൽ സൗത്ത് ആഫ്രിക്കയുടെ വിജയശതമാനം. സെഞ്ചൂറിയന്റെ ചരിത്രത്തിൽ ഇതിനുമുൻപ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ സൗത്ത് ആഫ്രിക്ക തോറ്റിട്ടുള്ളൂ.113 റൺസിന്റെ വിജയമാണ് ഇന്ത്യൻ ടീം കൈവരിച്ചത്.
രണ്ടാം ഇന്നിങ്സിൽ 305 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്ക അവസാന ദിവസം 191 റൺസിന് ഓൾ ഔട്ടായി.രണ്ടാം ഇന്നിംഗ്സിൽ മുഹമ്മദ് സിറാജ് സൗത്ത് ആഫ്രിക്കയുടെ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി 3 വീതം വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർ രവിചന്ദ്ര അശ്വിൻ രണ്ട് വിക്കറ്റുകൾ നേടി. ഇന്ത്യയുടെ ഓപ്പണർ കെ.എൽ രാഹുൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയിരുന്നു.
രണ്ടാമിന്നിംഗ്സിൽ 174 റണ്ണിന് ഓൾ ഔട്ടായ ഇന്ത്യയുടെ ടോപ് സ്കോറർ 34 റൺസെടുത്ത വിക്കറ്റ്കീപ്പർ ഋഷഭ് പന്ത് ആയിരുന്നു. കെ. എൽ രാഹുലാണ് കളിയിലെ താരം. മുഹമ്മദ് ഷാമി ടെസ്റ്റിൽ ആകെ 8 വിക്കറ്റ് വീഴ്ത്തി .
വിദേശ മണ്ണിൽ സൗത്താഫ്രിക്കയിൽ മാത്രമാണ് ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിക്കാത്തത്. മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പര സ്വന്തമാക്കി മറ്റൊരു ചരിത്രം കൂടി കുറിക്കുവാൻ തയ്യാറെടുക്കുകയാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടെസ്റ്റ് പട.
Photo Credit: BCCI