കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് കോടതി വിധി. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
കോടതി വിധിയില്‍ ദിവ്യയ്ക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണുളളത്. എ.ഡി.എമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. തന്റെ സഹപ്രവര്‍ത്തക്കാരുടെയും ജീവനക്കാരുടെയും മുന്നില്‍ അപമാനിതനായതില്‍ മനം നൊന്ത് മറ്റു വഴികള്‍ ഇല്ലാതെയാണ് നവീന്‍ബാബു ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.