തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 79.63 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രിസൈഡിംഗ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാല്‍ ഹോം, സര്‍വീസ് വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കണക്ക് പാര്‍ട്ടികള്‍ക്ക് നല്‍കി. അന്തിമ കണക്ക് വന്നതിനുശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. അതേസമയം തപാല്‍ വോട്ട് ഇന്നലെ വരെ മുതിര്‍ന്ന പൗരന്‍മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനവും, ആവശ്യ സര്‍വീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം പുരുഷന്മാര്‍ 75.19 ശതമാനവും, സ്ത്രീകള്‍ 81.19 ശതമാനവും, ട്രാന്‍സ് ജെന്‍ഡര്‍ 56.04 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനി 53,984 സര്‍വീസ് വോട്ടുകള്‍ ലഭിക്കാനുണ്ട്. വോട്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ വൈകിയിട്ടില്ല. പോസ്റ്റല്‍ വോട്ടിന്റെ കണക്ക് സമാഹരിക്കാന്‍ മൂന്നു ദിവസം മാത്രമാണ് എടുത്തത്. അര്‍ഹതയുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നു. പോസ്റ്റല്‍ ബാലറ്റിനെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകണമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 79.63% പോളിംഗ്















