തിരുവനന്തപുരം: കണ്ണൂരില്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കും. ഇരുവര്‍ക്കും നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.
കോളജിലെ വിദ്യാര്‍ഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. അതേസമയം, പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു.
മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകന്റെ മരണം കൊലപാതകം ആണെന്നും രാജന്‍ ആരോപിച്ചു. മകന്റെ മരണത്തിനുശേഷം കോളേജ് അധികൃതരോ വിദ്യാര്‍ഥികളോ വീട്ടിലെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിധിന്‍ ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും അതിന്റെ പേരില്‍ അധ്യാപികയ്ക്ക് ഫോണ്‍ വന്നിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടുകാര്‍ അറിഞ്ഞുള്ള പണമിടപാട് ആണെന്നും അതിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ കോളേജ് അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നിതിന്റെ സഹോദരി നികിത പ്രതികരിച്ചു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.














