തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം വരുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. മെയ് നാലിന് മാത്രമാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി ആരാകണമെന്നതിനെച്ചൊല്ലി നേതാക്കള്‍ പരസ്യപ്രതികരണം നടത്തരുതെന്ന്് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പ്രതികരണം പൊതുവേദികളില്‍ വേണ്ട. ഫലം വരുന്നതിന് വരെ കാത്തിരിക്കണം. പാര്‍ട്ടിയില്‍ മാത്രം പ്രതികരിക്കണം.
പറയയേണ്ട സമയത്ത് പറയേണ്ട രീതിയില്‍ പറയണം. മെയ് നാലിന് റിസള്‍ട്ട് വരട്ടെ. അതിനുശേഷം, എം.എല്‍.എമാരില്‍ ഹൈക്കമാന്റ് അഭിപ്രായം ആരായും. മുതിര്‍ന്ന നേതാക്കളോടും അഭിപ്രായം ആരായും. നിലവില്‍, മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയാന്‍ സമമായിട്ടില്ല. ഈ സമയത്ത് അഭിപ്രായം പറയരുത്. പറയയേണ്ട സമയത്ത് പറയേണ്ട രീതിയില്‍ പറയണം. യോജിച്ച് പോകേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇക്കാര്യത്തില്‍ നേതാക്കള്‍ ആത്മസംയമനം പാലിച്ച് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരനും രംഗത്ത്. സിംഗിള്‍ ഡാന്‍സ് കളിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നടപടി ക്രമങ്ങളുണ്ട്. അതിന് മുന്‍പ് ഏതെങ്കിലും വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്ന രീതി ശരിയല്ല.
രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് മുരളീധരന്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘനൃത്തം ചെയ്യുന്നതിനിടയില്‍ ഒരാള്‍ ഒറ്റക്ക് ഡാന്‍സ് കളിച്ചാല്‍ ശരിയാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് മറക്കരുത്. അത് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഇപ്പോള്‍ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്ത് നടക്കും. ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഈ സാഹചര്യത്തില്‍ രംഗത്ത് വരുന്നത് ശരിയല്ല.
മെയ് നാലിന് റിസള്‍ട്ട് വരുന്ന വരെ കാത്തിരിക്കണം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ അതിന്റെതായ നടപടി ക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് പറയും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.


















