പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല് കുടുങ്ങിയാണ് അസം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അബ്ദുല്‍സലാം – ഹാബിജ കധോന്‍ ദമ്പതികളുടെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
ട്രെയിന്‍ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തില്‍ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങുകയായിരുന്നു. പാല്‍ കുടിച്ച ഉടന്‍ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കള്‍ പറഞ്ഞു.
ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.















