തൃശൂർ: പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് ഇതിനകം പ്രവേശനം നേടിയത് 25100 കുരുന്നുകള്‍. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമായി 21370 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5270ഉം എയ്ഡഡ് സ്‌കൂളുകളില്‍ 16100ഉം കുട്ടികളെത്തിയപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ 3730 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത്.
സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും ദേവസ്വം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. ചേലക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല പ്രവേശനോത്സവവും ഒന്നര കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ എൽ.പി. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവേശനോത്സവം എല്ലാ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് വരാൻ ഇടയാക്കി. ഏഴ് വർഷം കൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതോടെ വിജയ ശതമാനം ഉയർന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ എല്ലാ സ്കൂളുകളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന മേഖലയാണ് വിദ്യാഭ്യാസ മേഖല. മദ്യവും മയക്കുമരുന്നും പോലുള്ള തിന്മകൾക്കെതിരെ ഏറ്റവും നന്നായി പ്രവർത്തിക്കാൻ സ്കൂളുകൾക്ക് കഴിയും. വിദ്യാഭ്യാസം വഴി നല്ലൊരു സമൂഹസൃഷ്ടി സാധ്യമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചേലക്കര ജി. എൽ. പി.സ്കൂളിൽ ക്ലാസ്സ് മുറികൾ, ടോയ്‌ലറ്റ് , കിച്ചൻ എന്നിവ അടക്കം ഒന്നരക്കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനീയർ ബിജി കെ. വി. റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പണിത കോൺട്രാക്ടർ നാരായണ പിഷാരടിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. പ്രതിഭകൾക്കുള്ള ആദരം ഇൻറർനാഷനൽ ട്രിപ്പിൾ ജംപറായ എൻ വി ഷീന, ഗോൾഡ് മെഡൽ ജേതാവ് ആൻസ് മരിയ മാത്യൂ, സ്റ്റെപ്പ്സ് സംസ്ഥാന വിജയി കെ വി അശ്വിൻ, ടാലന്റ് സർച്ച് വിജയി എം എസ് അർജുൻ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.