കൊച്ചി: ഒരു ലക്ഷത്തി അയ്യായിരം കാണികളെ സാക്ഷിനിർത്തി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ തറപറ്റിച്ച് പതിനഞ്ചാം ഐ.പി.എൽ കിരീടം ഗുജറാത്ത് ടൈറ്റൻസ് നേടി. ബൗൺസ് കൂടിയ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം ഹാർദിക് പാണ്ഡേ നയിച്ച ജി.ടി. 11 ബോളുകൾ ബാക്കിനിൽക്കേ മറികടന്നു. ഏഴ് വിക്കറ്റുകൾക്കായിരുന്നു വിജയം. ഈ വർഷം പുതുതായി ഐ.പി.എല്ലിൽ വന്ന ഫ്രാഞ്ചൈസി ആണ് ഗുജറാത്ത് ടൈറ്റൻസ്. പതിവിലും വേഗതയും ബൗൺസും കൂടിയ പിച്ചിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് സഞ്ജു സാംസൺ തന്ത്രപരമായ പിഴവായി.
ജി.ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡെ ഫൈനൽ മത്സരത്തിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.ഷോർട്ട് പിച്ച് ബോളുകൾ കൊണ്ടും സ്ലോ ബൗൺസറുകൾ കൊണ്ടും രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻമാരെ ഹാർദിക് വെള്ളം കുടിപ്പിച്ചു. ടൂർണമെന്റിലെ ടോപ് സ്കോറർ ആയ ജോസ് ബട്‌ലറെയും ആർ.ആർ ക്യാപ്റ്റൻ സഞ്ജു സാംസണെയും വെടിക്കെട്ട് ബാറ്റ്സ്മാൻ ഹിറ്റ്മെയറെയും പാണ്ഡ്യ വീഴ്ത്തി. തൻറെ നാല് ഓവറുകളിൽ 17 റൺസ് മാത്രമാണ് പാണ്ഡെ വിട്ടുകൊടുത്തത്. 30 ബോളുകളിൽ 34 റൺസും ഹാർദിക് നേടി. ജി.ടിക്ക് വേണ്ടി ശുഭ്മാൻ ഗിൽ 45 റൺസും ഡേവിഡ് മില്ലർ 32 റൺസും നേടി പുറത്താകാതെ നിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.