തൃശൂര്‍: തൃശൂരിന്റെ പുതിയ കളക്ടറായി വി.ആര്‍.കൃഷ്ണതേജ ഐ.എ.എസ് ചുമതലയേറ്റു. ജില്ലയുടെ 46-ാമത്തെ കലക്ടറാണ് വി ആര്‍ കൃഷ്ണ തേജ രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന കൃഷ്ണ തേജ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് തൃശൂര്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച കൃഷ്ണ തേജ, ആലപ്പുഴ കലക്ടറായിരിക്കേയാണ് ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചത്. ആലപ്പുഴ കലക്ടറായാണ് ഹരിത വി. കുമാര്‍ പോകുന്നത്. കൃഷ്ണ തേജ ആലപ്പുഴയില്‍ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിന് നല്‍കിയത് വാര്‍ത്തയായിരുന്നു. ആലപ്പുഴയില്‍ സബ് കലക്ടര്‍ ആയിരിക്കെ പ്രളയകാലത്ത് ”ഐ ആം ഫോര്‍ ആലപ്പി” എന്ന കൂട്ടായ്മ രൂപീകരിച്ച് കുട്ടനാടന്‍ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കളക്ടര്‍മാമ എന്ന പേരില്‍ കുട്ടികള്‍ക്കും പ്രിയങ്കരനാണ് കൃഷ്ണതേജ. ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്‍ജെടുത്ത ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. നേരത്തേ തൃശൂരില്‍ അസിസ്റ്റന്റ് കലക്ടറായുള്ള പരിചയം ജില്ലാ കലക്ടറെന്ന നിലയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, സബ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, എ.ഡി.എം ടി മുരളി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.