തൃശൂര്‍: നിസാര കാര്യങ്ങള്‍ക്ക് പോലും കുട്ടികളും യുവാക്കളും ആത്മഹത്യക്ക് ഒരുങ്ങുന്ന ഇക്കാലത്ത് വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുനല്‍കുന്നവയായിരിക്കണം സാഹിത്യസൃഷ്ടികളെന്ന് കവി ഡോ.സി.രാവുണ്ണി അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ തൃശൂര്‍ സ്വദേശിനിയായ ദിയ രചിച്ച ‘ ഒരു പ്രതീക്ഷ… വിഷാദ ദ്വീപിലെ പെണ്‍കുട്ടി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗങ്ങളോടും വിഷാദത്തോടും പൊരുതിയ യുവ എഴുത്തുകാരിയുടെ ജീവിതത്തോടുള്ള സമര്‍പ്പണം വെളിപ്പെടുത്തുന്ന കൃതിയാണിതെന്നും, പ്രതീക്ഷ കൈവിടാതിരുന്നാല്‍ വിജയം നിങ്ങളെ തേടിയെത്തുന്നതുമെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ അന്തസ്സത്തയെന്നും ഡോ.രാവുണ്ണി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായത്താലും നിശ്ചയദാര്‍ഢ്യത്താലും ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ അനുഭവങ്ങളാണ് ദിയ പങ്കുവെയ്ക്കുന്നതെന്ന് പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരിയും അധ്യാപികയുമായ സന്ധ്യ എടക്കുന്നി പറഞ്ഞു. തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പത്രപ്രവര്‍ത്തകന്‍ അരുണ്‍ എഴുത്തച്ഛന്‍, ജയന്‍ തോമസ്, അഡ്വ.ഹരിദാസ് എറവക്കാട്, ജയന്‍ അവണൂര്‍, അബിദ വടുതല എന്നിവര്‍ സന്നിഹിതരായിരുന്നു.
Photo Credit: newsskerala.com