സംസ്ഥാന ഔഷധസസ്യ ബോര്‍ഡും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ ഔഷധസസ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു….
കോവിഡ് കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധം വലിയതോതില്‍ ഫലപ്രദമായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. നീലകണ്ഠന്‍ മൂസ് പറഞ്ഞു…..
തൃശൂര്‍: ആയുര്‍വേദം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അന്തര്‍ ദേശീയതലത്തിലും ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ സവിശേഷതയായി മാറിക്കഴിത്തെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.
ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെയും ധന്വന്തരി ജയന്തി ആഘോഷത്തിന്റെയും ഭാഗമായി വൈദ്യരത്‌നം ഗ്രൂപ്പ് തൈക്കാട്ടുശ്ശേരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി .
രാജ്യത്തിന്റെ സഞ്ചിതനിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഈടുവെയ്പാണ്് ആയുര്‍വേദം. ആധുനിക ജീവിത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി ആയുര്‍വേദം സ്വീകരിക്കുന്നുവെന്നത്് അഭിമാനകരമാണ്. കേരളത്തിന്റെ കൊടിയടയാളമാകുവാന്‍ ഏറ്റവും സാധ്യതയുള്ള മേഖലയാണ് ആയുര്‍വേദമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ആളുകളെ കേരളത്തിലേക്ക് വലിയതോതില്‍ ആകര്‍ഷിക്കുന്ന മേഖലയായി ആയുര്‍വേദം മാറിക്കഴിഞ്ഞു. ആയുര്‍വേദ കേന്ദ്രങ്ങള്‍ പുറം നാടുകളില്‍ കേരളത്തെ പരിചയപ്പെടുത്തുന്ന സ്ഥാപനങ്ങളായി മാറി. സങ്കീര്‍ണതകള്‍ ലഘൂകരിച്ച് പുത്തന്‍ സാങ്കേതിക വിദ്യയുടെ എല്ലാ നേട്ടങ്ങളും ആയുര്‍വേദത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഗുളികകളും, ടാബ്ലറ്റുകളും ആയുര്‍വേദത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതും ആയുര്‍വേദം ജനങ്ങള്‍ക്ക് ആകര്‍ഷണീയമാകുന്നു എന്നും മന്ത്രി പറഞ്ഞു.
ആയുര്‍വേദ ചികിത്സാരംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും വയോജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമാണ് ആയുര്‍വേദ ചികിത്സ രീതി എന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിത്യ ജീവിതത്തില്‍ ഉപയോഗപ്രദമായ രീതിയില്‍ ഔഷധ സസ്യങ്ങള്‍ വീടുകളില്‍ നട്ടുവളര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ഔഷധസസ്യം വിതരണം ചെയ്തുകൊണ്ട് ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന ഔഷധസസ്യ ബോര്‍ഡും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ ഔഷധസസ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
കോവിഡ് കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധം വലിയതോതില്‍ ഫലപ്രദമായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. നീലകണ്ഠന്‍ മൂസ് പറഞ്ഞു.
ഓരോ ദിവസവും ഓരോ വീട്ടിലും ആയുര്‍വേദമെന്ന ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിന സന്ദേശത്തിന്റെ ഭാഗമായി ‘അടുക്കളയിലെയും, ഭക്ഷണത്തിലെയും, പൂമുഖത്തെയും, കൃഷിയിടങ്ങളിലെയും ആയുര്‍വേദം’ എന്ന വിഷയത്തെക്കുറിച്ച് വൈദ്യരത്‌നം ആയുര്‍വേദ ഫൗണ്ടേഷനിലെ മുഖ്യ ശാസ്ത്രജ്ഞയും ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ഷീല കാറളം സംസാരിച്ചു. ഡോ. സജിനി കൃഷ്ണദാസ്, ഡോ ശ്രീലക്ഷ്മി എന്നിവര്‍ വിഷയത്തില്‍ ക്ലാസെടുത്തു.
ജനറല്‍ മാനേജര്‍ നാരായണന്‍ നമ്പൂതിരി, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്, ഡിവിഷന്‍ കൗണ്‍സിലര്‍ സി.പി പൗളി, വൈദ്യരത്‌നം ആയുര്‍വേദ ഫൗണ്ടേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ വി രാമന്‍കുട്ടി, മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുധ, എന്നിവരും സംബന്ധിച്ചു.