തൃശൂർ : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ കേരളത്തോട് കേന്ദ്രം നടത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു.പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് പ്രമേയം പാസാക്കണമെന്നും കൂടാതെ എല്ലാ എംഎൽഎമാരും സർവ്വകക്ഷി നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണം.പാലക്കാട് ഡിവിഷനിൽ നിന്ന് വലിയ വരുമാനമുള്ള മംഗലാപുരം മേഖലയെ ഒഴിവാക്കിയത് കേരളത്തിന്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കും.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി റദ്ദാക്കുന്നതും ഈയിടെയാണ് നാം അറിഞ്ഞത്.കൂടാതെ തിരുവനന്തപുരം ഡിവിഷനും വെട്ടിക്കുറക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതായാണറിയുന്നത്. നമ്മുടെ രാജ്യത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യക്തമായ ചട്ടക്കൂട്ട് നിലനിൽക്കുന്ന ഘട്ടത്തിലാണ് ആ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ശൈലിയിൽ ബി.ജെ.പി സർക്കാർ കാലങ്ങളായി പ്രവർത്തിക്കുന്നതെന്നും സുധീരൻ വ്യക്തമാക്കി.












