Newsskerala

അക്വാറ്റിക് കോംപ്ലക്‌സില്‍ സ്‌കൂള്‍ ഗെയിംസിനിടെ റൂഫിംഗ് തകര്‍ന്നതിന് കാരണം കാലാവസ്ഥാവ്യതിയാനമെന്ന്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ അക്വാറ്റിക് കോംപ്ലക്‌സിലെ നീന്തല്‍ക്കുളത്തിന്റെ  താല്‍ക്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘാടനത്തിലെ വീഴ്ചകള്‍ പരാമര്‍ശിക്കാതെ കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായാണ് താല്‍ക്കാലിക റൂഫിംഗ് ഒരുക്കിയത്. കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ വിശദീകരണം. മത്സരങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറുകയും ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ റൂഫിംഗ് തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം അപകടത്തില്‍ പൊലിസ് ഇതുവരെ കേസെടുത്തിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടും പരാതിക്കാരില്ലെന്ന കാരണമാണ് പൊലിസ് ചൂണ്ടിക്കാട്ടുന്നത്. ഗുരുതര സ്വഭാവമുള്ള അപകടമല്ലാത്തതിനാല്‍ സ്വമേധയാ കേസെടുക്കുന്നതിലും പരിമിതിയുണ്ടെന്നാണ് പൊലിസ് വിശദീകരണം.
അതിനിടെ അപകടത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താല്‍ക്കാലിക ഷീറ്റുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *