Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിഷുക്കൈനീട്ടത്തിന്റെ പേരില്‍ ആരും തനിക്ക് വോട്ടു നല്‍കേണ്ടതില്ലെന്ന് സുരേഷ് ഗോപി

തൃശൂര്‍: താന്‍ വിഷുക്കൈനീട്ടം നല്‍കുന്നതിന്റെ പേരില്‍ ഇത്ര പുകിലും, യുദ്ധകാഹളവും എന്തിനെന്ന് നടന്‍ സുരേഷ് ഗോപി. വിഷുക്കൈനീട്ടം നല്‍കുന്നതിന്റെ പേരില്‍ തനിക്ക് ആരും വോട്ടു നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി കൗസ്തുഭം ഹാളില്‍ തൃശൂരിലെ വാദ്യകലാകാരന്‍മാര്‍ക്ക് വിഷുക്കോടിയും, വിഷുക്കൈനീട്ടവും നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഏറെ സ്‌നേഹിക്കുന്നവരുടെ നാടാണ് തൃശൂര്‍.
പൂരത്തിന്റെ നാട്ടിലെത്തി  വിഷുകൈനീട്ടം വിതരണം ചെയ്യുന്നതില്‍ യാതൊരു രാഷ്ട്രീയ ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇതില്‍ രാഷ്ട്രീയം കണ്ടവരാണ് തന്റെ പരിപാടിയെ വലുതാക്കിയത്. തൃശൂരില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ പോലും ഉറപ്പില്ല. കേന്ദ്രത്തിലെ പാര്‍ട്ടി നേതാക്കന്‍മാരാണ് താന്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.  തന്നെ വോട്ട് ചെയ്ത് ജയിപ്പിക്കണമോ എന്ന് ജനം തീരുമാനിക്കും. വാദ്യകലയിലൂടെ ജീവിക്കുന്നവര്‍ക്കായി ക്ഷേമപദ്ധതി തയ്യാറാക്കും. ഇതിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കും.

മിമിക്രി കലാകാരന്‍മാരുടെ സംഘടനയായ ‘മ’ യുടെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ഷോയില്‍ നിന്ന്  കിട്ടുന്ന തുകയില്‍ നിന്ന്  ഒരു കോടിയെങ്കിലും രൂപ വാദ്യകലാകാരന്‍മാരുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കുന്ന കാര്യം ആലോചനയിലുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്നുള്ള പ്രതിഫലത്തില്‍ നിന്ന് 10 ലക്ഷം രൂപയും കണ്‍സോര്‍ഷ്യത്തിലേക്ക് നീക്കി വയ്ക്കും. അങ്ങനെ  പത്ത് സിനിമകളില്‍ നിന്നായി പത്ത് ലക്ഷം വീതമെടുത്ത് ഒരു കോടി രൂപ സ്വരൂപിച്ച് കണ്‍സോര്‍ഷ്യത്തിന് നല്‍കുമെന്നും സുരേഷ് ഗോപി അറിയിച്ചു. മറ്റുള്ളവരുടെ ആസ്വാദനത്തിന് വേണ്ടി സ്വന്തം കേള്‍വി ശക്തി പോലും നഷ്ടപ്പെടുത്തുന്നവരാണ് വാദ്യകലാകാരന്‍മാര്‍. കേളത്ത് അരവിന്ദാക്ഷമാരാര്‍ അടക്കമുള്ള മുതിര്‍ന്ന കലാകാരന്‍മാരുമായി  സംസാരിച്ചപ്പോഴാണ് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന വാദ്യകലാകാരന്‍മാരുടെ കാല്‍തൊട്ടു വന്ദിച്ച ശേഷമാണ് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത്. പെരുവനം കുട്ടന്‍മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷ് ഗോപിയെ ഷാള്‍ അണിയിച്ചു.
സുരേഷ് ഗോപിയുടെ അന്തരിച്ച മകളുടെ പേരിലുള്ള ലക്ഷ്മി സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.


മുന്നൂറോളം വാദ്യകലാകാരന്‍മാര്‍ക്കാണ് സുരേഷ് ഗോപി വിഷുക്കൈനീട്ടവും, വിഷുക്കോടിയും നല്‍കിയത്. പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, പഴുവില്‍ രഘു, വെളപ്പായ നന്ദന്‍, തിച്ചൂര്‍ മോഹനന്‍, പെരുവനം ഹരിദാസ്, ചെറുശ്ശേരി കുട്ടന്‍മാരാര്‍, വെളുത്തിരുത്തി ഉണ്ണിനായര്‍, കക്കാട് രാജപ്പന്‍മാരാര്‍, ഏഷ്യാഡ് ശശി, കൊമ്പത്ത് അനില്‍, പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ.ബാലഗോപാല്‍, ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് സുന്ദര്‍മേനോന്‍, രാജീവ് മേനോന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാര്‍, രഘുനാഥ് സി .മേനോന്‍, രവികുമാര്‍ ഉപ്പത്ത്, പൂരപ്രേമിസംഘം പ്രസിഡണ്ട് ബൈജു താഴേക്കാട് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.  

Leave a Comment

Your email address will not be published. Required fields are marked *