തൃശൂർ: കോർപ്പറേഷന്റെ 2031 വരെയുള്ള വികസന മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം വോട്ടിനിടാതെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇന്ന് നടന്ന കൗൺസിൽ യോഗം പിരിച്ചുവിട്ടു. ചട്ടപ്രകാരം മൂന്നുമാസം കഴിഞ്ഞ് മാത്രമേ മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യാനുള്ള യോഗം ചേരാൻ സാധിക്കുകയുളളൂവെന്നും ആയതിനാൽ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ല എന്നു മേയർ പറഞ്ഞു.
പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകാതെ കൗൺസിൽ യോഗം പിരിച്ച് വിട്ട് കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങവെ പ്രതിപക്ഷ കൗൺസിലർമാർ മേയറെ തടഞ്ഞു. ഭരണപക്ഷ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. മറ്റൊരു മാസ്റ്റർ പ്ലാൻ നിർമ്മിക്കാതെ നിലവിലുള്ള മാസ്റ്റർ പ്ലാൻ ചട്ടപ്രകാരം റദ്ദ് ചെയ്യാൻ സാധിക്കില്ലെന്നും വഞ്ചികുളത്തെ തണ്ണീർ തടങ്ങൾ നികത്തിയുള്ള എലഗന്റ് സിറ്റി പോലുള്ള പദ്ധതികൾ ഒഴിവാക്കാൻ തയ്യാറാണെന്നും ചർച്ചയിലൂടെ മാസ്റ്റർ പ്ലാനിൽ ആവശ്യമായ ഭേദഗതികൾ വരുത്താമെന്നും എം.കെ. വർഗീസ് പറഞ്ഞു.
ഭൂമാഫിയക്ക് വേണ്ടിയാണ് മാസ്റ്റർപ്ലാൻ എന്നും കോർപ്പറേഷൻ പരിധിയിലെ തണ്ണീർതടങ്ങളും നെൽവയലുകളും യഥേഷ്ടം ഭൂമാഫിയയ്ക്ക് നികത്താൻ അവസരമൊരുക്കുന്നതാണ് നിലവിലുള്ള മാസ്റ്റർ പ്ലാനെന്നും പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു. കൗൺസിലിന്റെ അംഗീകാരത്തോടുകൂടിയല്ല നിലവിലുള്ള മാസ്റ്റർ പ്ലാൻ സർക്കാരിൻറെ അംഗീകാരത്തിന് അയച്ചതെന്നും പിന്നീട് സർക്കാർ അത് അംഗീകരിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11 മണി വരെ കൗൺസിൽ ഹാളിൽ കുത്തിയിരുന്നു രാപ്പകൽ സമരം നടത്തുമെന്നും മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യുന്നതിനായി കോടതിയെ സമീപിക്കുമെന്നും രാജൻ പല്ലൻ പറഞ്ഞു. നഗരമദ്ധ്യത്തിലെ ഒരു റോഡിന് നിലവിലുള്ള വീതി കുറച്ചുവെന്നും, തൃശ്ശൂരിന്റെ പൈതൃക സംരക്ഷണത്തിൽ വെള്ളം ചേർക്കാനാണ് പുതിയ മാസ്റ്റർ പ്ലാൻ എന്നും പ്രതിപക്ഷം ആരോപിച്ചു.
മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ മേയറുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നിലവിലുള്ള കൗൺസിലിൽ ഭരണപക്ഷത്തെ 25 മെമ്പർമാർ മാസ്റ്റർ പ്ലാനെ അനുകൂലിക്കുമ്പോൾ പ്രതിപക്ഷത്തുള്ള 30 യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ മാസ്റ്റർപ്ലാൻ റദ്ദ് ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
Photo Credit : Newss Kerala