Newsskerala

മണലൂരിലെ ജനങ്ങള്‍ക്ക് ; ലീഡർ കാൻ്റീൻ 10 രൂപക്ക് ഉച്ചഭക്ഷണം

തൃശൂര്‍: വികസന, ക്ഷേമ മേഖലകളിൽ പാഴായിപ്പോയ മണലൂര്‍ നിയോജകമണ്ഡലത്തിലെ പത്ത് വര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ടി.എന്‍ പ്രതാപന്‍ പത്ത് ഗ്യാരന്റിയും മണലൂരിനൊരു മാനിഫെസ്റ്റോയും പ്രഖ്യാപിച്ചിരിക്കുന്നു.
നിയോജകമണ്ഡലത്തിലെ വ്യത്യസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക വിദഗ്ദർ, എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് പത്ത് ഗ്യാരന്റികള്‍ പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ മണലൂരിന് ഒരു മാനിഫെസ്റ്റോയും തയ്യാറാക്കിയിട്ടുണ്ട്. മണലൂരില്‍ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പത്ത് മാസത്തിനുള്ളില്‍ പത്ത് ഗ്യാരന്റികള്‍ക്കും തുടക്കം കുറിക്കുമെന്നും ടി.എന്‍ പ്രതാപന്‍ പ്രസ്താവിച്ചു.

മദര്‍ തെരേസ ഡയാലിസിസ് സെന്റര്‍ – പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സ്ഥാപനം.

ഇന്ദിര ഫാര്‍മസി – അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ മരുന്ന നല്‍കുന്ന ഇന്ദിര ഫാര്‍മസികള്‍ ആരംഭിക്കും.

ലീഡര്‍ ക്യാന്റീന്‍ – വിശപ്പില്ലാത്ത മണലൂര്‍ എന്ന ആശയ സാക്ഷാത്ക്കാരത്തിന് പത്ത് രൂപ നിരക്കില്‍ ഉച്ച ഭക്ഷണം ലഭ്യമാക്കുന്ന ക്യാന്റീനുകള്‍.

രാജീവ് ഗാന്ധി സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക്: മണലൂര്‍ മണ്ഡലത്തിലെ പ്രവാസികളുടെ സഹകരണത്തോടെ അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതി.

മണലൂര്‍ ബ്രാന്റ് – മണലൂരിലെ കാര്‍ഷിക വിളകള്‍, കരകൗശല വസ്തുക്കള്‍ മറ്റ് തനത് നിര്‍മിതികള്‍ ഉപയോഗപ്പെടുത്തി മണലൂര്‍ ബ്രാന്റ് വിപണിയിലിറക്കും.

ഡോ. എ.പി.ജെ അബ്ദുല്‍കലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക് ലാബ് – മാറിയ ലോകസാഹചര്യത്തിന് അനുസരിച്ച് പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ എ.ഐ റോബോട്ടിക്ക് ലാബുകള്‍ സ്ഥാപിക്കും.

ഹൃദയ തീരം – വാടാനപ്പള്ളി ബീച്ച്, കനോലി കനാല്‍ തീരങ്ങള്‍, കോള്‍ നിലങ്ങള്‍ എന്നിവയെ ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതി.

മണലൂര്‍ മഹിമ ലൈഫ് ഫെസ്റ്റിവലുകള്‍ – ഒരോ പഞ്ചായത്തിലും തൈക്കാട് മേഖലയിലും മണലൂരിന്റെ പൈതൃകം ലോക സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന കലാ-സാഹിത്യ-സാംസ്‌ക്കാരിക-കാര്‍ഷിക ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും.

ഫോറസ്റ്റ് ഡിനോട്ടിഫിക്കേഷന്‍ – പെരിങ്ങാട് പുഴയെയും തീരത്തെയും ആശ്രയിച്ച് ജീവിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് ദോഷകരമായതും ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമായ റിസര്‍വ് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ റദ്ദാക്കും.

മണലൂര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ – എം.സി.ഡി.സി- ഇന്ത്യയില്‍ ആദ്യമായി അസംബ്ലി നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ, ക്ഷേമ, ജീവകാരുണ്യ, വിദ്യഭ്യാസ, സാംസ്‌ക്കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി എം.എല്‍എ.യുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം വികസന കൗണ്‍സില്‍ രൂപീകരിക്കും. ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വീസില്‍ നിന്നും വിരമിച്ചവര്‍, വിവിധ മേഖലകളിലെ അനുഭവസമ്പന്നര്‍ ഇവരെയെല്ലാം കോര്‍ത്തിണക്കുന്ന എന്‍.ജി.ഒയായി ഇത് പ്രവര്‍ത്തിക്കും.

    Leave a Comment

    Your email address will not be published. Required fields are marked *