തൃശൂര്‍: വടക്കുന്നാഥനെ വലംചുറ്റുന്ന സ്വരാജ് റൗണ്ടില്‍ പുഷ്പഗോപുരമായി മൂന്ന്് പൂരപ്പന്തലുകളുടെ നിര്‍മാണം തകൃതി. നായ്ക്കനാലിലും, നടുവിലാലിനും, മണികണ്ഠനാലിലും മണ്ണിലെ വര്‍ണ്ണത്തേരുകള്‍ പോലെ ഉയരുന്ന പൂരപ്പന്തലുകള്‍ കാണികളില്‍ വിസ്മയം ചൊരിയും. നൂറ് അടിയിലേറെ ഉയരത്തിലുള്ള ബഹുനില പന്തലുകളിലെ വര്‍ണാലംകൃതമായ വൈദ്യുത വിളക്കുകള്‍ ഇത്തവണ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാണ് മിന്നിത്തെളിയുക. ഒപ്പം എഐ ടെക്‌നോളജിയും പുതുമ പകരും.
പാറമേക്കാവ് വിഭാഗത്തിനായി മണികണ്ഠനാലില്‍ പന്തലൊരുക്കുന്നതു പ്രമുഖ പന്തല്‍നിര്‍മാതാവ് എടപ്പാള്‍ നാദം ബൈജുവാണ്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ബൈജു പാറമേക്കാവിനായി പന്തലൊരുക്കുന്നത്. നൂറടി ഉയരത്തില്‍ നാലു നിലകളിലായി ക്ഷേത്രമാതൃകയിലാണ് പന്തലിന്റെ നിര്‍മിതി. രണ്ടുലക്ഷത്തോളം ഡിജിറ്റല്‍ ബള്‍ബുകള്‍ നിറപ്രഭ ചൊരിയും. ചിത്രങ്ങളും വീഡിയോകളും പന്തലുകളില്‍ തെളിയും. ഓരോ ബള്‍ബിലും നൂറിലധികം നിറവൈവിധ്യങ്ങള്‍ എഐ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്. രാത്രിയും, പകലുമായി മുപ്പതോളം തൊഴിലാളികള്‍ ഓരോ പന്തല്‍ നിര്‍മാണത്തിലും പങ്കാളികളാകുന്നു. നടുവിലാലില്‍ തിരുവമ്പാടി വിഭാഗത്തിനായി ആര്‍ക്കിടെക്ചര്‍ മോഡലില്‍ നൂറടിയിലധികം ഉയരമുള്ള പന്തലാണ് ഇത്തവണ ഉയരുന്നത്. തൃശൂര്‍ പൂരത്തില്‍മാത്രം പതിനാറുവര്‍ഷത്തെ പാരമ്പര്യമുള്ള ചെറുതുരുത്തി ആരാധന പന്തല്‍ വര്‍ക്‌സിലെ സെയ്തലവിയാണ് പന്തലിന്റെ കരാറുകാരന്‍.പന്തല്‍ നിര്‍മാണത്തിലെ പെരുന്തച്ചനാണ് സെയ്തലവി. നായ്ക്കനാലില്‍ പള്ളത്ത് മണികണ്ഠനും കമനീയമായ പന്തല്‍ ഒരുക്കുന്നു.
പൂരനഗരത്തില്‍ പൊന്നുപോലെ മിന്നും; മൂന്ന് വര്‍ണഗോപുരങ്ങള്‍ ഉയരുന്നു
















