കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.
നോയിഡയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്.
മരണത്തില്‍ ഇന്‍സ്റ്റാ പേ ലോണ്‍ ആപ്പിനെതിരെ നേരത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം, നിതിന്‍ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വച്ച് നിതിന്റെ ഫോണ്‍ അധ്യാപകര്‍ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.
നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഡോക്ടര്‍മാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍














