Newsskerala

കുംഭമേള വൈറല്‍ താരം മൈനര്‍; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ഭോപ്പാല്‍: വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണ്. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്‍.

അതേസമയം കുംഭമേളയിലെ വൈറല്‍ താരത്തിന്റെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം തീര്‍ത്തും നിയമപരമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്‌സോ കേസില്‍ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്റെ സ്ഥിരീകരണം ഉണ്ടായത്. താരത്തിന്റെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂര്‍ പൊലീസ് അന്ന് പറഞ്ഞിരുന്നു.

തിരുവനന്തപുരം പൂവാര്‍ നൈനാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തല്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വിവാഹം കഴിച്ചത്. നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി വൈറല്‍ താരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് താരവും ആണ്‍സുഹൃത്ത് ഫര്‍മാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫര്‍മാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ കേരളത്തില്‍ അഭയം തേടി എത്തിയത്. കേരളത്തില്‍ വിവാഹം നടത്താനാണ് താത്പര്യമെന്നാണ് അന്ന് താരവും ഫര്‍മാനും അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *