തൃശ്ശൂര്‍: വെന്തുരുകുന്ന വേനല്‍ വെയിലിലും ആവേശം ചോരാതെയെത്തിയ ആയിരങ്ങള്‍ സാക്ഷി. തട്ടകനിവാസികളുടെയും, ഉത്സവപ്രേമികളുടെയും മനംനിറച്ച്്് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി.
ആചാരനിറവില്‍ ആഘോഷാരവങ്ങളോടെയായിരുന്നു കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിയേറി. ആലിലയും മാവിലയും തോരണമിട്ട കവുങ്ങിന്റെ കൊടിമരത്തില്‍ കെട്ടിയ മഴവില്‍ നിറത്തിലുള്ള കൊടി ദേശക്കാര്‍ ഉയര്‍ത്തി. പാരമ്പര്യാവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ ചേര്‍ന്നാണ് കൊടിമരം തയ്യാറാക്കിയത്. 195 സെന്റീമീറ്റര്‍ നീളവും 35 സെന്റീമീറ്റര്‍ വീതിയുമാണ് തിരുവമ്പാടിയുടെ പൂരക്കൊടിക്ക്.
കൊടിയേറ്റ ശേഷം ഉച്ചയ്ക്കു 3ന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട് തുടങ്ങും. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പിന്നാലെ നായ്ക്കനാലിലെ കുഞ്ഞുആലിലും, നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകള്‍ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികളാണ് ഉയര്‍ത്തുക. തുടര്‍ന്ന് പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവില്‍ മഠത്തില്‍ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടക്കും.
11 മണിയോടെ പാറമേക്കാവില്‍ കൊടിയേറ്റച്ചടങ്ങുകള്‍ തുടങ്ങി. വലിയപാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തി. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടികളുയരും. സിംഹമുദ്രയും ചന്ദ്രക്കലമുദ്രയും പതിപ്പിച്ചതാണ് പാറമേക്കാവിലെ പൂരക്കൊടി.
പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റി. തുടര്‍ന്ന് അഞ്ച് ആനകളുടെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് തുടങ്ങി. വടക്കുന്നാഥക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണി തീര്‍ഥക്കുളത്തിലാണ് ആറാട്ട്. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരം ആല്‍, മാവ് ഇലകളും ദര്‍ഭപ്പുല്ലും ഉപയോഗിച്ചും അലങ്കരിച്ചിരുന്നു.. തുടര്‍ന്ന് സിംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തിയത്. തുടര്‍ന്ന്്് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തും.
കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിലും രാവിലെയും വൈകിട്ടുമായി തൃശൂര്‍ പൂരം കൊടിയേറും.
ഏപ്രില്‍ 26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. ഇതോടൊപ്പം 24ന് രാത്രി 7ന് സാമ്പിള്‍ വെടിക്കെട്ടും നടക്കും. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകല്‍പൂരവും തുടര്‍ന്നു ഉപചാരം ചൊല്ലല്‍. രാത്രി ആറാട്ടിനും മേളത്തിനും ശേഷം പൂരം കൊടിയിറങ്ങും.














