കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിതിന്‍ രാജിന്റെ മരണത്തില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ഹര്‍ത്താലിന് മുന്നോടിയായി ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപം മുതല്‍ ഗാന്ധി പാര്‍ക്ക് വരെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്.















