വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ സ്വദേശി പുത്തേഴത്തിൽ വീട്ടിൽ സിജോ ജോസഫ് (47) വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മറ്റത്തൂർ ഒമ്പതുങ്ങൽ സ്വദേശി കലങ്ങോല വീട്ടിൽ ആന്റു (39) എന്നയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതിക്ക് ഐസ്ക്രീം കച്ചവടമാണ് ജോലി. പരാതിക്കാരന്റെ ഐസ്ക്രീം വണ്ടിയാണ് പ്രതി ഓടിക്കുന്നത്. 19.09.2026-ൽ പ്രതി അങ്കമാലി യൂദാപുരം എന്ന സ്ഥലത്തു വെച്ച് ഐസ്ക്രീം വണ്ടി മതിലിൽ കൊണ്ടുപോയി ഇടിച്ച് കേടുവരുത്തിയിരുന്നു. ആയത് ശരിയാക്കാനുള്ള തുകയിൽ 15,000/- രൂപ പ്രതി കൊടുക്കാമെന്ന് പരാതിക്കാരനോട് പറഞ്ഞിരുന്നു. ഇതിനെപ്പറ്റി പരാതിക്കാരൻ പ്രതിയുടെ സുഹൃത്തിനോട് പറഞ്ഞതിലുള്ള വിരോധം വെച്ചാണ്, പ്രതിയുടെ ഒമ്പതുങ്ങലിലുള്ള വീടിനടുത്തുള്ള റോഡിൽ വെച്ച് കത്തി ഉപയോഗിച്ച് പ്രതി പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതു ചെവിയിൽ മുറിവേറ്റ് 5 സ്റ്റിച്ച് ഇടേണ്ടി വന്നു. ആന്റു വെള്ളിക്കുളങ്ങര, കൊടകര പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും, മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസിൽ പ്രതിയാണ്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ജോഫി ജോസ്, ജോഷി, വെൽസ്, ഹോംഗാർഡ് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







