തൃശ്ശൂർ: നീർമരുത് നക്ഷത്രവൃക്ഷങ്ങൾ കൊണ്ടുള്ള ലോഹിതദാസ് സ്മൃതി വനം അപൂർവങ്ങളിൽ അപൂർവ്വം എന്നും സസ്യ ലോകം ഉള്ളിടത്തോളം ലോഹിതദാസിന്റെ ഓർമ്മകൾ നീർമരുതുകളിലൂടെ നിലനിൽക്കുമെന്നും പ്രസിദ്ധ സിനിമ സംവിധായകൻ മാധവ് രാമദാസ് അഭിപ്രായപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഓയിസ്ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി കൈലാസനാഥ സ്കൂളിനോടനുബന്ധിച്ചുള്ള ലോഹിതദാസ് സ്മൃതിവനത്തിൽ വച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് നിർവഹിച്ചു. സിനിമാ നടനും കാരികേച്ചറ റുമായ ജയരാജ് വാര്യർ അനുസ്മരണ പ്രഭാഷണം നടത്തി. ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ. എസ്. രജിതൻ അധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസുമായ ഡോ. ടി. കെ. ഹൃദീക് മുഖ്യാതിഥിയായിരുന്നു. ആയുഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമീർകുമാർ, സിനിമാ സംവിധായകരായ കണ്ണൻ പെരുമടിയൂർ, ശ്രീകുട്ടൻ, സിനിമാതാരങ്ങളായ രമാദേവി, ആരതി, കൈലാസനാഥ സ്കൂൾ ഡയറക്ടർ പ്രവീൺകുമാർ പിഷാരടി, ഓയിസ്ക ഇന്റർനാഷണൽ ട്രഷറർ സത്യഭാമ ടീച്ചർ, ലയൻസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ, ഓയിസ്ക ഇന്റർനാഷണൽ ഭാരവാഹികളായ ഡോ. കെ. എ. ലക്ഷ്മി, ഡോ. കെ. ആർ. ചിഞ്ചു, പി. എം. സുധ എന്നിവർ ചടങ്ങിൽ സംസാരിച്ചു.