തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നതിനിടെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തില്‍ വീണ്ടും പോസ്റ്ററുകള്‍. പോസ്റ്റര്‍ പ്രചാരണം ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വി ഡി ഗ്രൂപ്പിന്റെ നീക്കമെന്നാണ് കെ സി ക്യാമ്പിന്റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാന്‍ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്റെ ആശങ്ക. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാന്‍ഡിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. കെ സി വേണുഗോപാലിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കല്‍പ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകള്‍ കണ്ടത്. പിന്നാലെ മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറല്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഹൈക്കമാന്‍ഡ് കെ സിയെ പ്രഖ്യാപിച്ചാല്‍ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റര്‍ രോഷപ്രകടനം നല്‍കുന്ന സൂചന.
പ്രിയങ്കയുടെ ഓഫീസിന് മുന്നിലും,രാഹുലിനെതിരെയും പോസ്റ്റര്‍














