കോല്‍ക്കത്ത: അട്ടിമറി വിജയം നേടിയ പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കോല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്തിയ ചടങ്ങിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്.ഗവര്‍ണര്‍ ആര്‍.എന്‍. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
എതിര്‍പാളയത്തില്‍നിന്ന് രാഷ്ട്രീയത്തിലെ അടവും തടവും പഠിച്ചാണ് സുവേന്ദു (56) ബംഗാളിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയാകുന്നത്. ആദ്യം കോണ്‍ഗ്രസിന്റെയും പിന്നീട് തൃണമൂലിന്റെയും ശേഷം ബി.ജെ.പി.യുടെയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970-ല്‍ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളര്‍ന്നത്.
1990-കളുടെ മധ്യത്തില്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ ശ്രദ്ധനേടിയ സുവേന്ദു, 1995-ല്‍ കാന്തി നഗരസഭാംഗമായി. കോണ്‍ഗ്രസുമായി തെറ്റി 2000-ത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂലിലൂടെ കാന്തി നഗരസഭാ ചെയര്‍മാനും ബംഗാള്‍ നിയമസഭാംഗവുമായി. നന്ദിഗ്രാമില്‍ വ്യവ്യസായസംരംഭത്തിനുവേണ്ടി ഭൂമിയേറ്റെടുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന അദ്ദേഹം അക്കാലത്ത് മമതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. 2009-16 കാലത്ത് പാര്‍ലമെന്റംഗവുമായിരുന്നു.
2016-ല്‍ സംസ്ഥാനഭരണത്തില്‍ തിരിച്ചെത്തി മമതാ സര്‍ക്കാരില്‍ മന്ത്രിയായി. ഇതിനിടെ, 2020-ല്‍ മമതയുമായി തെറ്റി ബി.ജെ.പി.യില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതയെ 2021-ല്‍ നന്ദിഗ്രാമിലും ഇക്കുറി ഭവാനിപ്പുരിലും തോല്‍പ്പിച്ച് തന്റെ ജനപിന്തുണയും ശക്തിയും വെളിപ്പെടുത്തി. 2014-ലെ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ജയിച്ച സമിക് ഭട്ടാചാര്യയാണ് ബംഗാളില്‍ ബി.ജെ.പി.യുടെ ജയത്തിന് തുടക്കമിട്ടത്. 2016-ല്‍ അത് മൂന്നായി. 2021-ല്‍ 77 ആയി ഉയര്‍ന്നു.














