ലക്‌നോ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും അതിശക്തമായ കാറ്റിലും ഇടിമിന്നലേറ്റും 111 പേര്‍ മരിച്ചു. 72 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടിന്റെ മേല്‍കൂരകള്‍ പറന്നുപോവുകയും റോഡുകള്‍ തകരുകയും ചെയ്തു. മേയ് 13 ന് 89 പേര്‍ കൊല്ലപ്പെടുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും 200 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്ന് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.
ഏകദേശം 12 ജില്ലകളിലാണ് മരണങ്ങള്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് പ്രയാഗ്രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളില്‍ ഇവര്‍ക്ക് സാമ്പത്തിക സഹായം കൈമാറാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ മഴ എത്തുന്നതിന് മുമ്പുള്ള മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള ഉഷ്ണകാലത്ത് വടക്കന്‍ സംസ്ഥാനത്ത് കൊടുങ്കാറ്റുകള്‍ സാധാരണമാണ്
















