Newsskerala

മുഖ്യമന്ത്രി പദവി: ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് കാത്ത് മുസ്ലിം ലീഗ്. ഘടകകക്ഷികളുടെ അഭിപ്രായം മാണിക്കാതെയാണ് തീരുമാനം വരുന്നതെങ്കില്‍ ലീഗ് നിലപാട് കടുപ്പിക്കും. പൊതുവികാരം കണക്കിലെടുക്കണമെന്ന നിലപാടില്‍ ഉറച്ച് ലീഗ്. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരാനുള്ളതാണെന്ന് ഓര്‍ക്കണം. ജനത്തെ മാനിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പ്. ഹൈക്കമാന്‍ഡ് തീരുമാനം പുറത്ത് വന്ന ശേഷം നിലപാടെടുക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.

വി ഡി സതീശനായി ഉറച്ച നീക്കങ്ങളാണ് ലീഗ് നടത്തുന്നത്. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തില്‍ പാര്‍ട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങള്‍ തന്നെ സ്വീകരിച്ചുവെന്നാണ് പുറത്തുവരുന്നത്. സാദിഖലി തങ്ങളുടെ നിര്‍ദേശ പ്രകാരം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി.

ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീഗ്. എന്നാല്‍ ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോയാല്‍ ലീഗ് കടുത്ത നിലപാട് എടുക്കുമെന്ന് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ രണ്ടു യോഗങ്ങള്‍ ചേര്‍ന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്.

കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീഗില്‍ താല്‍പ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശന്റെ മതേതര നിലപാടുകള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളില്‍ സതീശന് വേണ്ടിയുള്ള പ്രകടനത്തില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ സഹകരിക്കില്ലെന്ന നിലപാടും പ്രാദേശിക നേതാക്കള്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *