Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

‘കേരള സ്റ്റോറി’: ബംഗാൾ തമിഴ്നാട് സർക്കാരിൻറെ വിലക്ക് സുപ്രീംകോടതി നീക്കി

കൊച്ചി: ഇന്ത്യയിലെ പ്രമുഖ അഭിഭാഷകർ ഇരു ചേരിയിൽ നിന്ന് വാദിച്ച കേസിൽ തീയറ്ററുകളിലെ ‘കേരള സ്റ്റോറി ‘ സിനിമയുടെ പ്രദർശനം തടഞ്ഞ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ ഉത്തരവും തമിഴ്നാട്ടിലെ എം കെ സ്റ്റാലിൻ സർക്കാരിൻറെ ഉത്തരവും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞു.

ഇരു സംസ്ഥാനങ്ങളിലും സിനിമ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുണ്ട് എങ്കിൽ കൃത്യമായി പോലീസിനെ നിയോഗിച്ച് അത് നേരിടുവാനും സിനിമ പ്രദർശനത്തിന് പോലീസ് സംരക്ഷണം നൽകുവാനും കോടതി ഇരു സർക്കാരുകൾക്കും ഉത്തരവിട്ടു.

ചിത്രം ഇസ്ലാമോഫോബിയ സൃഷ്ടിക്കുമെന്നും സമൂഹത്തിൽ വിഭജനം ഉണ്ടാക്കുമെന്നും വാദിച്ച മുൻ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബലിന്റെയും മറ്റൊരു കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മാനു സിങ്‌വിയുടെയും വാദങ്ങൾ കോടതി തള്ളി. ചിത്രത്തിൻറെ നിർമ്മാതാവിനായി ഹാജരായത് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവേ ആയിരുന്നു.

32,000 സ്ത്രീകൾ മതം മാറി എന്ന വിവാദ കണക്ക് ഔദ്യോഗിക കണക്കല്ല എന്നും അവതരിപ്പിക്കുന്ന വിഷയത്തിന്റെ സാങ്കല്പിക അവതരണം ആണ് ചിത്രം എന്നും വിവരിക്കുന്ന ഒരു ഡിസ്ക്ലെയിമർ കൂടി ചിത്രത്തിൽ വയ്ക്കുമെന്ന് ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞു.

കൃത്യമായ കണക്ക് കേരള സർക്കാരിനോട് ചോദിച്ചിരുന്നു എന്നും എന്നാൽ ഈ കണക്കുകൾക്കായി നിലവിലില്ലാത്ത ഒരു സൈറ്റിന്റെ അഡ്രസ് വിവരാവകാശ രേഖയിൽ നൽകി ആ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ് എന്ന മറുപടിയാണ് കേരള സർക്കാർ നൽകിയത് എന്നു ചിത്രത്തിൻറെ അവസാനം എഴുതിക്കാണിക്കുന്നുമുണ്ട്.

മോശം ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകരും എന്നാണ് സുപ്രീംകോടതി പറഞ്ഞത്. മെയ് അഞ്ചിന് പ്രദർശനം ആരംഭിച്ച കേരള സ്റ്റോറി 150 കോടി രൂപ സമാഹരിച്ചു എന്നാണ് വാർത്തകൾ.

സിനിമ ഹാളിൽ ഉൾപ്പെടെ പോലീസിനെ നിയോഗിച്ചാണ് കേരളത്തിൽ സിനിമ ഇരുപതിൽ താഴെ കേന്ദ്രങ്ങളിൽ മാത്രം പ്രദർശനം തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *