Newsskerala

മരോട്ടിച്ചാലില്‍ വയോധികന്റെ കീശയിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു

തൃശൂര്‍: മൊബൈല്‍ ഫോണ്‍ വീണ്ടും അപകടം വിതയ്ക്കുന്നു. മരോട്ടിച്ചാലില്‍ വയോധികന്റെ  പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ (70) ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ചായ കുടിക്കാനായി ഏലിയാസ് ഹോട്ടലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ഫോണ്‍ പൊട്ടിത്തെറിക്കുകയും ഏലിയാസിന്റെ ഷര്‍ട്ടിനു തീപിടിക്കുകയും ചെയ്തു. ഷര്‍ട്ട് വേഗം ഊരിമാറ്റിയതിനാല്‍ പൊള്ളലേറ്റില്ല.

ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഏലിയാസ്  പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉടന്‍ ഫോണ്‍ നിലത്തേക്കിടാന്‍ കഴിഞ്ഞതും രക്ഷയായി. കഴിഞ്ഞവർഷം ആയിരം രൂപ കൊടുത്ത് വാങ്ങിയ കീപാഡ് ഫോണാണ് പൊട്ടിത്തെറിച്ചത് എന്ന് ഏലിയാസ് പറഞ്ഞു.

ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കുട്ടിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിയ റെഡ്മി 5 പ്രോ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *